.
നാലാം വ്യാവസായിക വിപ്ലവം തീര്‍ത്ത പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രയോജനവും അനുഭവിക്കുന്ന ഒരു തലമുറയാണിത്. സാങ്കേതികവിദ്യകളുടെ രൂപാന്തര പ്രാപ്തിയാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ സവിശേഷത. ഉല്‍പാദന പ്രക്രിയയിലെ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാവസായിക കാലഘട്ടങ്ങളെ നിര്‍ണയിച്ചത്. ഓരോ വ്യാവസായിക വിപ്ലവവും ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധനവിനേയും ഉല്‍പാദനപ്രക്രിയയെ ലഘൂകരിക്കുന്ന സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തങ്ങളേയും അതുമൂലം സമൂഹത്തിലുണ്ടാകുന്ന സമൂലമായ മാറ്റങ്ങളെയും സൂചിപ്പിക്കുന്നതാണ്.
ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തത്തോടെ ഉല്‍പാദന പ്രക്രിയ കായികക്ഷമതയില്‍ നിന്നും യന്ത്രവല്‍ക്കരിക്കപ്പെട്ടു. ഇത് കാര്‍ഷിക വൃത്തിയില്‍ നിന്നും വലിയതോതില്‍ വ്യാവസായിക ലോകത്തേക്കുള്ള മനുഷ്യന്റെ കുടിയേറ്റത്തിനിടയാക്കി. വൈദ്യുതിയുടെ ഉപയോഗവും റെയില്‍ ഗതാഗത സൗകര്യവും ആശയവിനിമയ സംവിധാനങ്ങളും രണ്ടാം വ്യാവസായിക വിപ്ലവത്തിലെ സാങ്കേതിക വികാസത്തെ വ്യക്തമാക്കുന്നതാണ്. ഇത് ആശയങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും വേഗമേറിയ കൈമാറ്റങ്ങള്‍ക്ക് കാരണമായി. കമ്പ്യൂട്ടര്‍ യുഗമാണ് മൂന്നാം വ്യാവസായിക വിപ്ലവം സാധ്യമാക്കുന്നത.് ഉല്‍പാദന പ്രക്രിയ നിയന്ത്രിക്കുന്നതിനായി ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗിച്ചു. നാലാം വ്യാവസായിക വിപ്ലവം ഡാറ്റകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃത്രിമ ബുദ്ധിയുടെ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അനുബന്ധ വികാസങ്ങളും സാധ്യമാക്കിയതാണ്.
പൗരാണിക മനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്ക് എത്തിനില്‍ക്കുന്ന മനുഷ്യകുലത്തിന്റെ പരിവര്‍ത്തന പ്രക്രിയയില്‍ മനുഷ്യന്‍ വൈവിധ്യമാര്‍ന്ന ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. ശിലായുഗങ്ങളിലെ പരുക്കന്‍ ആയുധങ്ങളില്‍ നിന്ന് കാലാന്തരത്തില്‍ മൃദുലത കൈവരിക്കുകയും അനായാസം കൈകാര്യം ചെയ്യാവുന്നതും സങ്കീര്‍ണവുമായ യന്ത്രസംവിധാനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ വരവോടെയാണ് മനുഷ്യന്റെ യന്ത്രസങ്കല്‍പങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുന്നത്. ഒടുവില്‍ ചുറ്റുപാടുകളില്‍ നിന്നും സൂചകങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി പൂര്‍ണമായോ ഭാഗികമായോ സ്വയം നിയന്ത്രിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന കൃത്രിമ തലച്ചോറുകളുടെ പ്രയോഗവും കടന്നെത്തി നില്‍ക്കുന്നു. മനുഷ്യന്റെ അധ്വാനങ്ങളെ ലഘൂകരിച്ച് സഹായകമായി തീരുക എന്നതിനപ്പുറം മനുഷ്യേതര സൃഷ്ടികള്‍ക്കായുള്ള ശ്രമങ്ങളുടെ ഏറ്റവും പുതിയതും വിശാലവുമായ തലങ്ങളാണ് ഹോങ്കോങ് കമ്പനിയായ ഹാന്‍സണ്‍ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്തതും സൗദി അറേബ്യ പൗരത്വം നല്‍കിയതുമായ സോഫിയയും, ഗാര്‍ഡിയന്‍ പത്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലേഖകന്‍ ആകുന്നതുവരെ വിശാലമായ ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുറന്നുവെക്കുന്നുണ്ട്.
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്നത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അതിവേഗം മുന്നേറുന്ന ഒരു സാങ്കേതിക വിദ്യയാണ്.അനുഭവങ്ങളില്‍ നിന്നും പഠിക്കാനും സന്ദര്‍ഭങ്ങളെ മനസ്സിലാക്കാനും യുക്തിസഹമായി ആസൂത്രണം ചെയ്യാനും തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ കഴിവിന് സമാനമായ യന്ത്രങ്ങളുടെ കഴിവിനെയാണ് ശാസ്ത്രലോകം നിര്‍മ്മിതബുദ്ധി കൊണ്ട് വിവക്ഷിക്കുന്നത്. സജീവവും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മേഖല കൂടിയാണിത്. 1950 കളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഔദ്യോഗിക ഭാഷ്യം പുറത്തുവരുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ അലന്‍ ടൂറിങിന്റെ ചിന്താ സരണിയില്‍ ഉല്‍ഭവിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്പൂര്‍ണ്ണ ഗവേഷണ വിഷയമാകുന്നത് 1956ല്‍ ജോണ്‍ മക്കാര്‍ത്തി, മാരവിന്‍ മിന്‍സകി,ക്ലോഗ്ന് ഷെന്നോന്‍ എന്നിവര്‍ പങ്കെടുത്ത ശില്പശാലയിലാണ്. ആ വേദിയില്‍ മക്കാര്‍ത്തി ചിന്തിക്കാനും സങ്കല്‍പ്പിക്കാനും സാധിക്കുന്ന യന്ത്രങ്ങളെ നിര്‍മ്മിക്കാനുള്ള ശാസ്ത്രീയ പ്രയത്‌നത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് നാമകരണം ചെയ്തു. 1973 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ക്ക് എതിരെവന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ അമേരിക്ക,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരിട്ടുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കി. ഈ കാലഘട്ടത്തെ എ.ഐ വിന്റര്‍ എന്ന് ചരിത്രം വിശേഷിപ്പിക്കുന്നു. ദശാബ്ദങ്ങളോളം നീണ്ട ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവില്‍ തൊണ്ണൂറുകളില്‍ ന്യൂറോ സയന്‍സിന്റെ വികാസവും ഡാറ്റകളുടെ ലഭ്യതയും ഹാര്‍ഡ്‌വെയര്‍ രംഗത്തുണ്ടായ പുരോഗതിയും ഡീപ് ലേണിങ്,മെഷീന്‍ ലേണിങ് എന്നീ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപശാഖകളിലൂടെ ഒരു യന്ത്രത്തെ ബുദ്ധിശാലി ആക്കുക എന്നത് അതിനു നല്‍കുന്ന ഡാറ്റായിലൂടെ സ്വയം പഠിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണെന്ന് തിരിച്ചറിവിലേക്കെത്തി. യോഷ്യാ ബെഞ്ചിയോയാന്‍ ലക്കണ്‍, ജഫറി ഹിന്റണ്‍ എന്നിവരായിരുന്നു ഇതിനു പിന്നിലെ പ്രധാനികള്‍.
മനുഷ്യബുദ്ധിയും യന്ത്രബുദ്ധിയും
ഡാറ്റകളുടെ ലഭ്യതയും കമ്പ്യൂട്ടിംഗ് രംഗം വികസിക്കുകയും ചെയ്തതോടെ മനുഷ്യന്റെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ മറികടക്കാന്‍ പ്രാപ്തമായ അല്‍ഗോരിതങ്ങള്‍ രൂപപ്പെട്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ചെസ് ചാമ്പ്യനായ ഗാരി കാസപറോവിനെ ഐ.ബി.എം ന്റെ ഡീപ് ബ്ലൂ എന്ന കമ്പ്യൂട്ടര്‍ ചെസ് മത്സരത്തില്‍ പരാജയപ്പെടുത്തിയത് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.എന്നാല്‍ ഇത് വെറും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള (rule based) അല്‍ഗോരിതങ്ങളുടെയും റോ കമ്പ്യൂട്ടിങ് പവറിന്റെയും വിജയമായിരുന്നു.എന്നാല്‍ ഡീപ് ലേണിങ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി അതാതു ഘട്ടങ്ങളില്‍ മുന്നിലെത്തുന്ന വിവരങ്ങള്‍ പരിശോധിച്ച് സ്വയം പഠിച്ചു വിലയിരുത്തി തീരുമാനങ്ങളെടുക്കാനും പ്രതികരിക്കാനുമുള്ള അല്‍ഗോരിതങ്ങളാണ് ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2016 മാര്‍ച്ചില്‍ ഡീപ് മൈന്‍ഡ് (deep mind)എന്ന ബ്രിട്ടീഷ് കമ്പനി ഡീപ്പ് ലേണിങും മനുഷ്യ നാഡീവ്യൂഹങ്ങളെ അനുകരിക്കുന്ന ന്യൂറല്‍ നെറ്റ്വര്‍ക്കും ഉപയോഗിച്ച് നിര്‍മ്മിച്ച അല്‍ഫാ ഗോ എന്ന
”ഏജന്റ്’ മനുഷ്യന്റെ അവബോധ ജന്യമായ കഴിവിനാല്‍ മാത്രം കളിക്കാവുന്ന ചൈനീസ് ബോര്‍ഡ് ഗെയിമായ ‘ഗോ’യില്‍ ലോക ചാമ്പ്യന്‍ ലീ ടൈ സോളിനെ പരാജയപ്പെടുത്തിയത് ഇതിനുദാഹരണമാണ്. മനുഷ്യ മസ്തിഷ്‌കത്തിന് സാധ്യമാകുന്നത് പോലെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു പൊതുധിഷണ നിര്‍മിക്കുന്നതിനായി സാങ്കേതിക രംഗത്തെ ശക്തരായ ആപിള്‍, ഗൂഗിള്‍,മൈക്രോ സോഫ്റ്റ്തുടങ്ങിയ വന്‍കിട കമ്പനികള്‍ ഭീമമായ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ സ്വയം മനസ്സിലാക്കി കാര്യക്ഷമത ക്രമാനുഗതമായി വര്‍ധിപ്പിച്ച് മനുഷ്യ സഹായമില്ലാതെ തന്നെ മസ്തിഷ്‌കങ്ങളുടെ അവധാനത പരിഹരിക്കുന്ന വിധം സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് കൃത്രിമ ബൗദ്ധികത വികസിക്കുന്നത് മനുഷ്യകുലത്തിന് വിനാശകരമായ പരിണതിയായി മാറുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് നിരീക്ഷിക്കുന്നുണ്ട്.
അനുഭവങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും പഠിക്കാനുള്ള കഴിവ്,പഠിച്ച കാര്യങ്ങളെ സംബന്ധിച്ച് ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കഴിവ്,കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ്,സാഹചര്യാനുസൃതമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മുതലായവയാണ് മനുഷ്യനെ ഇതര ജീവിവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്്.തലച്ചോറിലെ ദശലക്ഷക്കണക്കിനു ന്യൂറോണുകളുടെ പരസ്പരബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മനുഷ്യന്‍ ചിന്തിക്കുന്നതും അറിയുന്നതുമെല്ലാം.മനുഷ്യന്റെ ചിന്താപ്രവര്‍ത്തനം പൂര്‍ത്തിയാവുന്നത് അതിസങ്കീര്‍ണമായ ന്യൂറോണ്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണത്തിനനുസരിച്ച് ഈ കഴിവ് കൂടിക്കൊണ്ടിരിക്കും.നൂറുബില്യണിലധികം ന്യൂറോണുകളുള്ള മനുഷ്യന് ചിന്തിക്കാനും ഓര്‍ത്തുവെക്കാനുമുള്ള കഴിവ് വളരെ കൂടതലായിരിക്കും.
വന്‍കിട കമ്പനികളും പ്രവര്‍ത്തനമേഖല എ.ഐയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.നിത്യജീവിതത്തില്‍ നിരന്തരമായി എ.ഐ സ്വാധീനം നമുക്ക് അനുഭവിക്കാന്‍ സാധിക്കും. നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നാം പങ്കുവെക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെ തിരിച്ചറിഞ്ഞ് ടാഗ് സജഷന്‍സ് വരുന്നതും നമ്മുടെ സുഹൃത്തുക്കളെയും ആക്ടിവിറ്റികളെയും മനസ്സിലാക്കി ഫ്രണ്ട്‌സ് സജഷന്‍സ് വരുന്നതും ഇതിന്റെ ലളിതമായ ഉദാഹരണങ്ങളാണ്. മനുഷ്യബുദ്ധി എപ്രകാരമാണോ ആളുകളെയും താല്‍പര്യങ്ങളെയും തിരിച്ചറിയുന്നത് അതേ രീതി അവലംബിച്ചാണ് കൃത്രിമബുദ്ധിയും കാര്യങ്ങള്‍ തിരിച്ചറിയുന്നത്. തന്റെ പരിസരങ്ങളെയും ചുറ്റുപാടുകളെയും സസൂക്ഷ്മം വീക്ഷിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചെറിയ കുട്ടികളെ പോലെ നിരന്തരമായ ഇടപെടലുകളിലൂടെ കണ്ടും കേട്ടും അനുകരിച്ചും ഓര്‍മ്മകളില്‍ സൂക്ഷിച്ചും തന്നെയാണ് കൃത്രിമബുദ്ധിയും പഠിക്കുന്നത്. ആദ്യമാദ്യം വേര്‍തിരിച്ചറിയാനും വര്‍ഗീകരിക്കാനും അവയുടെ പ്രത്യേകതകള്‍ തിരിച്ചറിയാനും പഠിക്കുന്നു. എന്നാല്‍ ഈ തിരിച്ചറിവുകളില്‍ എത്താന്‍ എന്ത് സൂക്ഷ്മ മാനദണ്ഡങ്ങളാണ് സ്വീകരിച്ചതെന്നും ഏത് ന്യൂറോണ്‍ വഴി ഏതൊരു രീതിയിലാണ് അറിവ് സ്വാംശീകരിച്ചതെന്നും പറയാനാകില്ല. ഓരോരുത്തരിലും ഈ രീതി മാറിക്കൊണ്ടിരിക്കുന്നു. ഒരു അധ്യാപകന്റെ ക്ലാസില്‍ ഇരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രതികരണങ്ങള്‍ സമാനമായിരിക്കില്ല.കൃത്രിമ നാഡീവ്യൂഹങ്ങളിലും സമ്മിശ്ര അഭിപ്രായങ്ങള്‍ കടന്നുവരുന്നത് ഇതുകൊണ്ടാണ്.കൃത്രിമ ബുദ്ധിയുടെ മൂലധനം മനുഷ്യന്റെ അറിവുകള്‍ക്ക് സമാനമായ ഡാറ്റയാണ്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും എല്ലാം പ്രവര്‍ത്തിക്കുന്നത് അതില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കൃത്രിമബുദ്ധിയില്‍ പഠിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നത് മസ്തിഷ്‌കത്തിന് സമാനമായ അല്‍ഗോരിതങ്ങളാണ്.അല്‍ഗൊരിതങ്ങളിലെ പിഴവുകള്‍ അപരിഹാര്യമായ വന്‍ വിപത്തുകള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പീറ്റര്‍ ഹാസ് ഒരു യന്ത്രത്തലച്ചോര്‍ വികസിപ്പിക്കുന്നതിനിടയിലുണ്ടായ അനുഭവം പങ്കുവെക്കുന്നുണ്ട്;ട്രൈനിംഗ് വേളയില്‍ ഹസ്‌കി എന്ന ഒരു തരം നായയെ കാണിക്കുമ്പോഴെല്ലാം യന്ത്രം ഒരു ചെന്നായയെയാണ് തിരിച്ചറിയുന്നത്. കാരണം ആ അല്‍ഗൊരിതം കണ്ടുശീലിച്ച എല്ലാ ചെന്നായകളുടേയും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുണ്ടായിരുന്നു. ഈ ഹസ്‌കി എന്ന നായയുടെ ഫോട്ടോയിലെ ബാക്ഗ്രൗണ്ടിലുണ്ടായിരുന്ന മഞ്ഞിന്റെ സാന്നിധ്യമാണ് നായയെ ചെന്നായയായി ഗണിക്കാന്‍ ഈ അല്‍ഗൊരിതം മാനദണ്ഡമാക്കിയത്.
ഡാറ്റയും ഇന്റലിജന്‍സും
ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 2018 മാര്‍ച്ചില്‍ സൈബര്‍ ലോകം വാദിക്കുന്ന സുരക്ഷാ വാഗ്ദാനങ്ങളെ അട്ടിമറിക്കുന്ന ഒരു പ്രഖ്യാപനം നടത്തി.അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ഫേസ്ബുക്കില്‍ നിന്നും 87 ദശലക്ഷം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആണ് ചോര്‍ന്നത്.ഈ ഡാറ്റാ മോഷണത്തിന് ഉത്തരവാദിത്വം വ്യക്തിപരമായി ഞാന്‍ ഏറ്റെടുക്കുന്നു എന്നുകൂടി അദ്ദേഹം കുറ്റസമ്മതം നടത്തി. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ‘നമ്മുടെ എന്ത് ചോര്‍ത്താനാണ്’ എന്ന മനോഭാവം നമ്മെ പലപ്പോഴും നിസ്സംഗരാക്കാറുണ്ട.് എന്നാല്‍ ഡാറ്റാ ലോകത്തെക്കുറിച്ച് കൃത്യമായ വീക്ഷണം പലര്‍ക്കുമില്ല എന്നതിന്റെ തെളിവ് കൂടിയാണിത്.
വിശകലനത്തിനായി ശേഖരിച്ച വസ്തുതകളെയും സ്ഥിതിവിവരങ്ങളെയുമാണ് ഡാറ്റകള്‍ എന്ന് പറയുന്നത്. ഇവയുടെ പഠനവിശകലനവും അതിലൂടെ നിര്‍മ്മിക്കുന്ന അറിവു(ഇന്റലിജന്‍സ്)മാണ് ഈ ഡാറ്റകളെ മൂല്യവത്താക്കുന്നത്. ഒരു ഡാറ്റ എങ്ങനെയാണ് ഇന്റലിജന്‍സ് ഉണ്ടാക്കുന്നത് ? ഇന്ത്യയില്‍ നടക്കുന്ന തൊഴില്‍ സംബന്ധമായ ആഭ്യന്തര യാത്രകളെ മനസ്സിലാക്കാന്‍ ഇകണോമിക് സര്‍വേ 2016-17 ഉപയോഗിച്ചത് റിസര്‍വേഷന്‍ ഇല്ലാതെ രണ്ടു നഗരങ്ങള്‍ക്കിടയില്‍ നടന്ന ട്രെയിന്‍ യാത്രകളെയാണ്. ഇത് ഒരു ഡാറ്റയാണ് ഇത് വിശകലനം ചെയ്താല്‍ യാത്രകളുടെ ക്രമം ( pattern) ലഭിക്കും. ഇതിലൂടെ തൊഴില്‍ സംബന്ധമായ ആഭ്യന്തര യാത്രകളുടെ കൂടിയസമയവും കുറഞ്ഞസമയവും ടിക്കറ്റ് ആവശ്യകതയുടെ അളവും പ്രവചിക്കാനാകും.
ഇത്തരത്തില്‍ നമ്മുടെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകളും ഒരു ഡാറ്റയാണ്. നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങളും സ്വഭാവ സവിശേഷതയും ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും അടങ്ങിയ എല്ലാം അതിലുണ്ട്. കമ്പനികള്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് സമീപിക്കാനും പരസ്യങ്ങളെ അത്തരം തല്‍പ്പരരായ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കുന്നു എന്ന വലിയ കൊമേഴ്ഷ്യല്‍ താല്‍പര്യങ്ങളെ കൂടി വിജയകരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു.എ.ഐ സിംഗുലാരിറ്റി ഇതിനെ ഒരു അപകടം പിടിച്ച മേഖലയാക്കി മാറ്റുന്നുണ്ട്.ഒരു വസ്തുവിനെ മനസ്സിലാക്കാനും തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമുള്ള മാനകങ്ങള്‍ ഏതാണെന്ന് നിശ്ചയിക്കാന്‍ സാധ്യമല്ല. അവ പലവഴികളിലൂടെ വിവരം ശേഖരിക്കുകയും തീരുമാനമെടുക്കുകയും ചെയ്യു ന്നു. ഇത്തരം സാധ്യതകളെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വീകരിക്കുന്നു എന്നതാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെ വിവാദമാക്കുന്നത്. ഫേസ് ബുക്ക് വിവരങ്ങള്‍ ചേര്‍ത്തിനല്‍കി യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇന്ത്യയിലെ എല്ലാം അധാറുമായി ബന്ധിപ്പിക്കുന്ന രീതിയും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതക്കുള്ള അവകാശങ്ങളുടെ മേലിലുള്ള കടന്നു കയറ്റം കൂടിയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി കമ്പനികള്‍ സൗജന്യ ഇന്റര്‍നെറ്റ് എന്ന മോഹനവാഗ്ദാനവുമായി കടന്നുവന്നതും ഫേസ് ബുക്ക് പോലുള്ള കുത്തകകമ്പനികള്‍ വലിയ തുകക്ക് വാട്‌സപ്പ് മെസജ്ജര്‍ ആപ്പ് വാങ്ങുന്നതുമെല്ലാം ഡാറ്റകളുടെ കുത്തക നിലനിര്‍ത്തുക എന്ന അവിശുദ്ധ ലക്ഷ്യങ്ങളുടെ ഭാഗമാണ്. നമ്മുടെ സംഭാഷണങ്ങളും ആലോചനകളും വലിയ മാര്‍ക്കറ്റുകളാകുന്ന കാലത്ത് ഡാറ്റകള്‍ വലിയ വ്യവസായ മൂലധനവും തട്ടിപ്പുകള്‍ക്കുള്ള ഉപാധിയുമാണ്. ഡാറ്റാ ചോരണം തടയുന്നതിനായി നമ്മുടെ സെക്യൂരിറ്റി സെറ്റിംഗ്‌സുകള്‍ ശക്തമാക്കുന്നത് കൊണ്ട് മാത്രം കഴിയില്ല. GDPR (Genral data protection Regulation) പോലുള്ള ഡാറ്റ എന്‍ക്രിപ്ഷനുകളും പ്രൈവസി പോളിസികളും നടപ്പിലാക്കുകയാണ് പ്രധാനം.
മനുഷ്യഭാവിയും വെല്ലുവിളികളും
സ്‌പെയ്‌സ് എകസ്, ടെസല സ്ഥാപനങ്ങളുടെ മേധാവി ഇലോണ്‍ മസ്‌കും ഒരുപറ്റം എന്‍ജിനീയര്‍മാരും ചേര്‍ന്ന് തന്റെ ന്യൂറോലിങ്ക് പദ്ധതികളെ അവതരിപ്പിക്കുകയുണ്ടായി.മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ ഘടിപ്പിക്കാവുന്ന ന്യൂറോ ടെക്‌നോളജി അടങ്ങിയ ഒരു ചിപ്പ് പരിചയപ്പെടുത്തി അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി; ‘ചിപ്പിന്റെ ഇന്റയര്‍ഫെയ്‌സ് വയര്‍ലെസ് ആണ്. അതുകൊണ്ട് നിങ്ങളുടെ തലയില്‍ നിന്നും വയറുകള്‍ ഒന്നും തൂങ്ങി കിടക്കുകയില്ല’. ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാക്കുകളാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രം വരവറിയിച്ച കൃത്രിമബുദ്ധി സപ്തതിയിലെത്തിയപ്പോല്‍ തന്നെ ഭീതിപ്പെടുത്തുന്ന വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മനുഷ്യബുദ്ധിയെ അപേക്ഷിച്ച് പഠനത്തിലുള്ള വേഗതയും വ്യാപ്തിയുമാണ് എ.ഐയെ വ്യത്യസ്തമാക്കുന്നത്.ചുറ്റുപാടുകളില്‍ നിന്നും അവ കാര്യങ്ങള്‍ പഠിക്കുന്നത് കൊണ്ട് തന്നെ കാലപ്പഴക്കം അവക്ക് കൂടുതല്‍ പ്രാപ്തിയും പക്വതയും നല്‍കുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ ഒരു 100 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ എല്ലാവിധ ജോലികളിലും നിര്‍മ്മിതബുദ്ധി സാര്‍വ്വത്രികമാകും എന്ന് നിരവധി നിരീക്ഷണങ്ങളുണ്ട്. ഡേറ്റ സയന്‍സ്, ആരോഗ്യമേഖല, പ്രതിരോധം, ബഹിരാകാശം. വിദ്യാഭ്യാസം, കാര്‍ഷികം. നിര്‍മ്മാണം തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് തന്നെ ഇതിന്റെ വലിയ തോതിലുള്ള സാന്നിധ്യം വ്യക്തമാണ്. ശാസ്ത്രീയ പുരോഗതിയും വികാസവും സാധ്യമാകുമ്പോള്‍ തന്നെ ഇത്തരം സാധ്യതകളുടെ വിപരീത ഫലങ്ങളും മാരകമായ പ്രഹരമേല്‍പ്പിക്കും. ഐടി,ബാങ്കിങ് രംഗങ്ങളില്‍ നിരന്തരമായ ദുരുപയോഗങ്ങളുടേയും തട്ടിപ്പുകളുടെയും വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. ഡാറ്റകളുടെ സുലഭത ഡാറ്റാ മോഷണത്തിനും അതുവഴിയുള്ള ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ സഹായകമാവുന്നു എന്നത് ഗൗരവതരമാണ്. ഇനി ഒരു യുദ്ധം ഉണ്ടായാല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുമെന്ന പ്രസ്താവനകള്‍ തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ.് യുദ്ധ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന ആളില്ലാ വിമാനങ്ങളും ഡ്രോണുകളുമെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണെന്നിരിക്കെ ഹാക്കിംഗ് സൗകര്യങ്ങളും ഡിജിറ്റല്‍ അല്‍ഗോരിതങ്ങളിലെ പിഴവുകളും ഭീതിതമായ ലോകഭാവിയെ വെളിപ്പെടുത്തുകയാണ്.
വികസിതം എന്ന് കരുതുന്ന സാങ്കേതികവിദ്യകളുടെ മിക്ക മേഖലകളിലും മനുഷ്യന്‍ അറിയാതെ അടിമപ്പെട്ടുപോകുന്ന അവസ്ഥകളെ കരുതിയിരിക്കലും പ്രതിരോധികക്കലും അനിവാര്യമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അതിപ്രസരം നിലനില്‍ക്കുന്ന കാലത്തും ലോകം ഒരു നിര്‍മ്മിതബുദ്ധി കേന്ദ്രീകൃത ലോകത്തിലേക്ക് മാറുകയും മനുഷ്യസമൂഹം എന്നത് ഉന്മൂലനം ചെയ്യപ്പെടുന്നതുമായ ഒരു എ.ഐ വിപ്ലവം അസാധ്യമാണ് എന്ന് വിശ്വസിക്കുന്നവരുണ്ട.് എന്നാല്‍ അടുത്തകാലങ്ങള്‍ വലിയ ടെക്‌നോളജിക്കല്‍ ദുരന്തങ്ങളുട വേദിയാകും ലോകം എന്ന് സ്റ്റീഫന്‍ ഹൊക്കിങ് നിരീക്ഷിക്കുന്നുണ്ട.് എല്ലാ തലത്തിലും എ.ഐയുടെ സ്വാധീനം നാം ചിന്തിക്കുന്നതിലും വിപുലമായിരിക്കും. മനുഷ്യന്‍ ചെയ്യുന്ന എല്ലാ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കും വിധം ആര്‍ട്ടിഫിഷല്‍ ജനറല്‍ ഇന്റലിജന്‍സ് വളര്‍ന്നുവരുന്നത് എന്തെല്ലാം പ്രശ്‌നങ്ങള്‍ ആവും സൃഷ്ടിക്കുക എന്നത് അടുത്തിടെ സുക്കര്‍ബര്‍ഗും എലോണ്‍ മസ്‌ക്കും തമ്മില്‍ നടന്ന സംവാദത്തില്‍ മുഖ്യവിഷയം ആയിരുന്നു. അനുകമ്പയുള്ള ബുദ്ധി നിര്‍മ്മിക്കല്‍ ആയാലും വിനാശകരം ആയിരിക്കും ഫലം എന്നാണ് മസ്‌കിന്റെ മുന്നറിയിപ്പ.് ചാറ്റ് റോബോട്ടുകള്‍ മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആശയവിനിമയം നടത്തിയതും ഇതിനോട് ചേര്‍ത്തുവായിക്കണം. യന്ത്രബന്ധിതമായ തലച്ചോര്‍ ഉള്ളവന് നിര്‍മ്മിത ബുദ്ധിയുമായി പിടിച്ചുനില്‍ക്കാനാകുമെന്നും എ.ഐയും മനുഷ്യബുദ്ധിയും ലയിച്ചു പ്രവര്‍ത്തിക്കുന്നതിന് വലിയ പ്രാധാന്യം ഉണ്ടാകുമെന്നും മസ്‌ക് പറയുന്നു. എന്നാല്‍ അത്തരമൊരു ഉപകരണം കൊണ്ട് മനുഷ്യ മനസ്സിന്റെ ആത്മഹത്യയായിരിക്കും സംഭവിക്കുക.
തത്വചിന്താപരമായി ആ വിഘ്‌നങ്ങളും സാങ്കേതിക വിദ്യയുടെ പരിമിതിയും ഓരോ പ്രാധാന്യത്തോടെ കാണണമെന്ന് സൂസണ്‍ ഷനൈഡര്‍ നിരീക്ഷിക്കുന്നുണ്ട്. ചോദിക്കാനും പറയാനും ആരും ഇല്ലാതാക്കുന്ന ഒരു വലിയ പ്രതിസന്ധി നിര്‍മ്മിതബുദ്ധി മുന്നില്‍വെക്കുന്നുണ്ട.് സ്വയം ഡ്രൈവ് ചെയ്യുന്ന ഒരു വാഹനം അപകടത്തില്‍ പെടുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താലും സ്വയം ശാസ്ത്രക്രിയ ചെയ്യുന്ന മെഷിനറികള്‍ പിഴവുകള്‍ വരുത്തിയാലും ആരാണ് ഉത്തര ഉത്തരവാദിത്വം ഏറ്റെടുക്കുക. സാങ്കേതികതയുടെ അപര്യാപ്തത പരഞ്ഞ് നിര്‍മാണ കമ്പനികള്‍ക്കും അല്‍ഗരിതം രചിച്ചവര്‍ക്കും പുറംതിരിഞ്ഞു നില്‍ക്കാം. കാരണം സ്വയം ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന ഉപകരണങ്ങളാണ് എ.ഐ മെഷിനറീസ.് ഏതു തരത്തിലാണ് അവ ഈ പ്രതിസന്ധിയെ നേരിട്ടത് എന്ന് പോലും പറയാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണമാണ്. ലഭിക്കുന്ന ഡാറ്റകള്‍ പിന്നീട് അഭിമുഖീകരിക്കേണ്ടിവരുന്ന യാഥാര്‍ത്ഥ അനുഭവങ്ങളുടെ ശരിയായ പകര്‍പ്പാണെന്നത് വളരെ പ്രധാനമാണ.് അതിനാല്‍ ഡാറ്റകള്‍ പക്ഷപാതരഹിതമാവേണ്ടത് അനിവാര്യമാണ.് അല്ലെങ്കില്‍ സ്വയം പ്രവര്‍ത്തിക്കുമ്പോള്‍ വലിയ അപകടം വരുത്തിവെക്കും. കൃത്രിമധിഷണയുടെ കാലം കടന്ന് കൃത്യമ പൊതുധിഷണയുടെയും അതീതധിഷണയും യഥാര്‍ഥ്യമാക്കുകയാണ് നിര്‍മ്മിതബുദ്ധി സാങ്കേതിക ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം. സാങ്കേതിക ഉപകരണങ്ങളും അത് ഉപയോഗിക്കുന്ന മനുഷ്യരും അത് ഉത്പാദിപ്പിക്കുന്ന വ്യവഹാരങ്ങളും അതിനെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും എല്ലാം കൂടി ചേര്‍ന്ന ശാസ്ത്രത്തിന്റെ സാമൂഹികവും സാംസ്‌ക്കാരികവും മൂല്യപരവുമായ അന്വേഷണങ്ങളിലേക്ക് നയിക്കണം. നിര്‍മ്മിത ബുദ്ധിയെ അതിന്റെ സാമൂഹിക വിശകലനത്തിന്റെ വീക്ഷണ കോണുകളിലൂടെ മനസ്സിലാക്കണം. അല്ലാത്ത പക്ഷം സ്വാര്‍ത്ഥമായ അധികാരവും സാമ്പത്തിക താല്‍പര്യങ്ങളും വീണ്ടും ആധിപത്യത്തിന്റെയും ഉന്മൂലനത്തിന്റെയും പുതിയ സാങ്കേതികതകള്‍ രൂപപ്പെടുത്തും