ഫത്ഹുൽ മുഈൻ: കർമശാസ്ത്രത്തിൻ്റെ അകംപൊരുൾ
.
പത്താം നൂറ്റാണ്ടില്‍ മലയാളക്കരയില്‍ ജ്വലിച്ചുയര്‍ന്ന ജ്ഞാന ജ്യോതിസ്സായ മഖ്ദും രണ്ടാമന്‍ എന്ന പേരില്‍ വിശ്രുതനായ അഹ്‌മദ് സൈനുദ്ദീന്‍ മഖ്ദുമിന്റെ ഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമാണ് ഫത്ഹുല്‍ മുഈന്‍. കേരളീയ മുസ്ലിംകളെ ശാഫിഈ കര്‍മശാസ്ത്രധാരയില്‍ അടിയുറപ്പിച്ചു നിര്‍ത്തുന്നതിലും ശാഫിഈ സരണിയുടെ വ്യാപനം സജീവമാക്കുന്നതിലും ഈ ഗ്രന്ഥം വഹിച്ച പങ്ക് നിസ്തുലമാണ്. ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുണ്ട്. വിവിധ യൂണിവേഴ്സിറ്റികളുടെയും പാഠശാലകളുടെയും സിലബസ്സില്‍ ഫത്ഹുല്‍ മുഈന്‍ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് സ്ഥാനമുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ പള്ളിയില്‍ നടന്നിരുന്ന ദര്‍സുകളില്‍ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു. അടുത്തകാലം വരെ ദമസ്‌കസിലെ ജാമിഅ അമവിയ്യ യിലും വിശുദ്ധ മക്കയിലെ ദര്‍സിലും ഈ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു. പ്രമുഖ സിറിയന്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് ശുഖൈര്‍ ഫത്ഹുല്‍ മുഈന്‍ വിശദീകരണ ഗ്രന്ഥമായ ഇആനതുത്വാലിബീനോടുകൂടെ ദമസ്‌കസിലെ വലിയ പള്ളിയായ ജാമിഅ ഉമവിയ്യയില്‍ പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. ശൈഖ് റുഷ്ദി സലീം അല്‍ഖലം സിറിയയില്‍ വിവിധ പള്ളികളിലായി നടത്തിയിരുന്ന ഫത്ഹുല്‍ മുഈനിന്റെയും ഇആനത്തിന്റെയും ക്ലാസുകള്‍ നെറ്റില്‍ ലഭ്യമാണ്. ഇപ്രകാരം കുവൈതിലെ മസ്ജിദ് ഉസ്മാനില്‍ വെച്ച് ശൈഖ് ഹുസൈന്‍ അബ്ദുല്ല അലി എന്നവരുടെ ഫത്ഹുല്‍ മുഈന്‍ ക്ലാസുകളെ കുറിച്ചുള്ള വിവരങ്ങളും നെറ്റില്‍ കാണാം.
ഇതിനുപുറമെ വിശുദ്ധ ഹറമുകളില്‍ ദീര്‍ഘകാലങ്ങളായി ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഇആനത്തിന്റെയും തര്‍ശീഹിന്റെയും ആമുഖങ്ങളില്‍ കാണാം. ഇന്തോനേഷ്യയിലും മലേഷ്യയിലും സിറിയയിലും ശ്രീലങ്കയിലും സോമാലിയയിലും വിവിധ പാഠശാലകളില്‍ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുവെന്നത് ഏറെ ആശ്ചര്യകരമാണ്. ഈ നാടുകളില്‍ ഫത്ഹുല്‍ മുഈന്‍ പഠിക്കാത്തവരെ പണ്ഡിതനായി ഗണിക്കാന്‍ തയ്യാറാകാത്തവര്‍ വരെയുണ്ട്. യമനിലെ വിഖ്യാത ശാഫിഈ പാഠശാലകളായ ദാറുല്‍ മുസ്ത്വഫയിലും മദ്റസതുല്‍ ഫത്ഹി വല്‍ ഇംദാദിലും ഫത്ഹുല്‍ മുഈന്‍ പാഠ്യവിഷയമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യയിലും ഈജിപ്തിലും ലെബ്നാനിലും ഇന്തോനേഷ്യയിലും യമനിലുമെല്ലാം ഇതിന്റെ പ്രതികള്‍ ലഭ്യമാണ്.വിവിധ ഭാഷകളില്‍ ഈ ഗ്രന്ഥത്തിന് വിവര്‍ത്തനങ്ങളും വിശദീകരണ ഗ്രന്ഥങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്. മലയാളം, തമിഴ്, കന്നട, ഇന്തോനേഷ്യന്‍ ഭാഷ, മലായി തുടങ്ങിയ ഭാഷകളില്‍ ഈ ഗ്രന്ഥത്തിന് വിവര്‍ത്തനങ്ങളുണ്ട്. മൂലഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐനിന് ഫത്ഹുല്‍ മുഈന്‍ അല്ലാത്ത വിശദീകരണ ഗ്രന്ഥങ്ങളുണ്ട്.
ക്രി 1573 (ഹി: 982) അവസാന വെള്ളിയാഴ്ചയാണ് തന്റെ തന്നെ ഗ്രന്ഥമായ ഖുര്‍റതുല്‍ ഐനിന് ശറഹായിട്ട് മഖ്ദൂം അസ്സ്വഗീര്‍ ഫത്ഹുല്‍ മുഈനിന്റെ രചന പൂര്‍ത്തീകരിക്കുന്നത്. ഈ ഗ്രന്ഥം ഇമാം ഇബ്നു ഹജറുല്‍ ഹൈതമി, മുഹമ്മദ് റംലി, ഇബ്നുസിയാദ്, സകരിയ്യല്‍ അന്‍സ്വാരി, അഹ്‌മദുല്‍ മുസജ്ജദ്, ഇമാം നവവി, റാഫിഈ തുടങ്ങി ശാഫീ മദ്ഹബിലെ പ്രബലരായ പണ്ഡിതരുടെ വീക്ഷണങ്ങളാണ് ഉള്‍കൊള്ളുന്നത് എന്ന് അദ്ദേഹം തുടക്കത്തിലെ എഴുതുന്നുണ്ട്.
മിക്ക പണ്ഡിതന്മാരും തങ്ങളുടെ തൊട്ടുമുമ്പുള്ള പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രചന നടത്താറുള്ളത്. ഇമാം നവവി മിന്‍ഹാജെഴുതുന്നത് ഇമാം റാഫിയുടെ മുഹററിന്റെ അടിസ്ഥാനത്തിലാണ്. ഇമാം റാഫിയുടെ മുഹററ് ഇമാം ഗസാലിയുടെ വജീസിനെയും, ഇമാം ഗസാലിയുടെ മിക്ക ഗ്രന്ഥങ്ങളും ഇമാം ഹറമൈനിയുടെ നിഹായയെയും അവലംബിച്ചാണ് എന്നപോലെ, ഫത്ഹുല്‍ മുഈനിന്റെ രചന നടക്കുന്നത് ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ, ഇംദാദ്, ഫത്ഹുല്‍ ജവാദ്, ഫതാവല്‍ കുബ്റാ, ശറഹുല്‍ ഉബാബ്, മിന്‍ഹാജുല്‍ ഖവീം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ്.
ഫത്ഹുല്‍ മുഈനിന്റെ പ്രധാന അവലംബം തുഹ്ഫയെക്കാളും ഫത്ഹുല്‍ ജവാദ് ആണെന്ന്് നിരീക്ഷിച്ചവരുണ്ട്. ”അല്‍ഹംദുലില്ലാഹില്‍ ഫത്താഹില്‍ ജവാദ്” എന്ന പ്രയോഗം കൊണ്ടുള്ള തുടക്കം, ഫത്ഹുല്‍ മുഈന്‍ ഫത്ഹുല്‍ ജവാദ് എന്നീ പേരുകളിലുള്ള സാദൃശ്യത, ഫത്ഹുല്‍ ജവാദിലേതുപോലെ ”ഇന്നഹു അക്റമു കരീമിന്‍ വഅര്‍ഹമു റഹീം” എന്ന പ്രയോഗം കൊണ്ടുള്ള ഒടുക്കം, രണ്ടു ഗ്രന്ഥങ്ങളിലെയും അവസാന പ്രാര്‍ത്ഥനകളിലെ വലിയ സാമ്യതകള്‍ എന്നിങ്ങനെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന സൂചനകള്‍ ഒരുപാട് കാണാവുന്നതാണ്.
മറ്റു ഫിഖ്ഹി ഗ്രന്ഥങ്ങളുടേതു പോലെ തന്നെ ഇബാദത് (ആരാധനകള്‍), മുആമലാത് (ഇടപാടുകള്‍), മുനാകഹാത്ത് (വിവാഹം). ജിനായാത് (ശിക്ഷാ വിധികള്‍) എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചാണ് മഖ്ദൂം ഫത്ഹുല്‍ മുഈന്‍ രചിക്കുന്നത്. ഏകദേശം 47 ശതമാനത്തോളം ആരാധനാ കാര്യങ്ങളുടെ ചര്‍ച്ചകളും 22 ശതമാനം ഇടപാടുകളെക്കുറിച്ചുള്ളവയും 16 ശതമാനം വിവാഹത്തെയും തുടര്‍ന്നുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചും 16 ശതമാനം ശിക്ഷാവിധികളെ കുറിച്ചുമുള്ള ചര്‍ച്ചകളുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
എന്നാല്‍ മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും വ്യതിരക്തമായി ചിലയിടങ്ങളില്‍ ഘടനാപരമായ വ്യത്യാസം ഫത്ഹുല്‍ മുഈനില്‍ കാണാവുന്നതാണ്. സാധാരണ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളില്‍ നിന്ന് വിഭിന്നമായി ചില ബാബുകള്‍ ഫസ്ലുകള്‍ തുടങ്ങിയവ ഉചിതാനുസരണം മറ്റിടങ്ങളിലേക്ക് മഖ്ദൂം മാറ്റുന്നുണ്ട്. ഉദാഹരണത്തിന് നിസ്‌കാരമൊഴിവാക്കുന്നതിന്റെ ശിക്ഷാവിധിയെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ളത് മുര്‍തദ്ദിനെ കുറിച്ചു പറയുന്നിടത്തോ ജനാസയുടെ ബാബിന് തൊട്ട് ശേഷമോ നിസ്‌കാരത്തെ കുറിച്ച് പറഞ്ഞ് അവസാനിക്കുന്നിടത്തോ ആയാണ്. പക്ഷെ, ഇതില്‍ നിന്ന് വിപരീതമായി നിസ്‌കാരത്തിന്റെ ബാബിന്റെ തുടക്കത്തില്‍ നിസ്‌കാരം നിര്‍ബന്ധമാണെന്ന് പറഞ്ഞതിന് തൊട്ടുടനെയാണ് ഫത്ഹുല്‍ മുഈനിന്റെ പരാമര്‍ശം വരുന്നത്. നിസ്‌കാരം പതിവാക്കേണ്ടതിന്റെ പ്രാധാന്യവും ഒഴിവാക്കുന്നതിലെ അനര്‍ത്ഥങ്ങളെയും കുറിക്കുന്നതില്‍ ഏറ്റവും ഉചിതമായ ഇടവുമതു തന്നെയാണ് എന്നതാവാം ഇതിനുള്ള പ്രേരകം.
ഫത്ഹുല്‍ മുഈനിന്റെ ആഖ്യാന രീതിയിലെ പ്രധാന ഘടകമാണ് സംക്ഷിപ്തമായ അതിന്റെ വിവരണങ്ങള്‍. വളരെ ചുരുക്കിയും എന്നാല്‍ എല്ലാ പ്രധാന ചര്‍ച്ചകളെയും ഉള്‍കൊള്ളിച്ചും ചെറിയ വാക്കുകള്‍ കൊണ്ട് വലിയ അര്‍ത്ഥങ്ങള്‍ തീര്‍ക്കുന്നു എന്നതാണ് ഫത്ഹുല്‍ മുഈനിനെ കൂടുതല്‍ പ്രൗഢമാക്കുന്നത്. ബാബുകളിലായി അവതരിപ്പിക്കേണ്ടവയെ ഫസ്ലോ ഫര്‍അ്കളോ ആക്കിയും ഫസ്ലുകളെ ഫര്‍അ്കളോ ”ഇഅ്ലം” എന്ന പദത്തിനു കീഴിലോ ആയി ചുരുക്കിയും അവതരിപ്പിക്കുന്ന രീതികള്‍ ഒരുപാടുണ്ട്. വസ്ത്ര ധാരണയെക്കുറിച്ച് പണ്ഡിതന്മാര്‍ പ്രത്യേകം ബാബുകളില്‍ ചര്‍ച്ച ചെയ്തത് ഫത്ഹുല്‍ മുഈനിലെത്തുമ്പോള്‍ ജുമുഅയുടെ ബാബിനു കീഴില്‍ വരുന്ന ഒറ്റ ചര്‍ച്ചയായി തീരുന്നു.
ചില ചര്‍ച്ചകള്‍ ഒഴിവാക്കുന്നതായും ചില തെളിവുകള്‍ക്ക് പിന്നിലെ ശറഇന്റെ യുക്തികള്‍ ഉദ്ധരിക്കുന്നതായും തന്റെ തന്നെ ഇഹ്ദാദു അഹ്കാമുന്നിക്കാഹ് പോലോത്ത ഗ്രന്ഥങ്ങളിലേക്ക് സൂചന നല്‍കുന്നതായും മഖാസിദുല്‍ ഫിഖ്ഹിയ്യ അല്‍ ഖവാഇദുല്‍ ഫിഖ്ഹിയ്യ തുടങ്ങിയവ പരാമര്‍ശിക്കുന്നതായും ഫത്ഹുല്‍ മുഈന്‍ വായനയില്‍ നിന്ന് വ്യക്തമാവുന്നു.
മറ്റു ശാഫിഈ ഗ്രന്ഥങ്ങളിലുള്ളതും അല്ലാത്തതുമായ ഒട്ടേറെ സാങ്കേതിക പദപ്രയോഗങ്ങള്‍ ഫത്ഹുല്‍ മുഈനില്‍ കാണാം. ശൈഖുനാ (ഇബ്നുഹജര്‍), ശൈഖുശൈഖിനാ (സകരിയ്യല്‍ അന്‍സ്വാരി), ശൈഖുശുയൂഖിനാ (അബുല്‍ ഹസന്‍ അല്‍ ബക്രി) ബഅല്‍ അസ്ഹാബിനാ (അബ്ദുറഊഫുല്‍ മക്കി), സകത അലൈഹി (അംഗീകാരവും തൃപ്തിയും ഉണ്ടെന്ന്), സകത അന്‍ഹു (അതൃപ്തിയോടെ രേഖപ്പെടുത്തുന്നു) തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ട ഇസ്ത്വിലാഹാത്തുകളില്‍ ചിലതാണ്.
മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും ഫത്ഹുല്‍ മുഈനിന്റെ ഉള്ളടക്കത്തെ കൂടുതല്‍ ഗാംഭീര്യമുള്ളതാക്കിത്തീര്‍ക്കുന്നത് മഖ്ദൂം നടത്തുന്ന ചില തര്‍ജീഹുകളും ഇടയ്ക്കിടെ ഉദ്ധരിക്കുന്ന മലബാറിലെ പ്രയോഗങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്.
അറബ് രാജ്യങ്ങളില്‍ നിന്ന് പലനിലക്കും വിഭിന്നമായ സാംസ്‌കാരിക-സാമൂഹിക സാഹചര്യം നിലനില്‍ക്കുന്ന ഭൂപ്രദേശമെന്ന നിലക്ക് സൈനുദ്ധീന്‍ മഖ്ദൂം കേരളത്തിലെ പല ആചാരങ്ങളെയും സാമൂഹിക രീതികളെയും ഫിഖ്ഹിയ്യായി സമീപിക്കുന്നത് കാണാം. കുറ്റിച്ചെടികള്‍ക്കു മുകളില്‍ പാമ്പ് ഊരിയിട്ടു പോകുന്ന തൊലി, ധാന്യം മെതിക്കുമ്പോഴുള്ള പശുവിന്റെ മൂത്രം, കാഷ്ടം തുടങ്ങിയവയില്‍ കുടുങ്ങിയ ഓല കൊണ്ട് മേഞ്ഞ വീട് ചോര്‍ന്നൊലിച്ചാലുള്ള വിധി, വെറ്റില, ഉമ്മത്തുംകായ, സുന്നത്ത് കല്ല്യാണത്തിന് നല്‍കുന്ന ലക്കോട്ട്, മൊഴിചൊല്ലുക എന്ന മലബാറില്‍ പ്രചാരത്തിലുള്ള ത്വലാഖ് പദം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
കുറ്റിച്ചെടികള്‍ക്കു മുകളില്‍ പാമ്പ് ഊരിയിട്ടു പോകുന്ന തൊലി, ധാന്യം മെതിക്കുമ്പോഴുള്ള പശുവിന്റെ മൂത്രം, കാഷ്ടം തുടങ്ങിയവയില്‍ കുടുങ്ങിയ ഓല കൊണ്ട് മേഞ്ഞ വീട് ചോര്‍ന്നൊലിച്ചാലുള്ള വിധി, വെറ്റില, ഉമ്മത്തുംകായ, സുന്നത്ത് കല്ല്യാണത്തിന് നല്‍കുന്ന ലക്കോട്ട്, മൊഴിചൊല്ലുക എന്ന മലബാറില്‍ പ്രചാരത്തിലുള്ള ത്വലാഖ് പദം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
ഫത്ഹുല്‍ മുഈനിലെ ഏറെ വിവാദപരമായതും നിരവധി വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തിയതുമായ ഇടപെടലുകളിലൊന്നാണ് ചിലയിടങ്ങളില്‍ അപ്രബലമായ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതി. ഇബ്നുഹജറിന് വിരുദ്ധമായാണ് എന്റെ നിരീക്ഷണം, അല്ലെങ്കില്‍ നവവിയുടെ വീക്ഷണത്തിനെതിരാണ് ഞാന്‍ എന്ന് വ്യക്തമാക്കുന്നതിലൂടെ എതിരഭിപ്രായം പറയുന്നത് പൂര്‍ണ ബോധത്തോടെയാണെന്നും, തനിക്ക് ഈ പ്രബലമെന്നു പറയുന്ന വീക്ഷണത്തെക്കാള്‍ ഉചിതമെന്ന് തോന്നുന്നതിങ്ങനെയാണെന്നും വ്യംഗ്യമായി സൂചിപ്പിക്കുകയാണ് അദ്ദേഹം. ഒരുപാട് മസ്അലകളില്‍ അപ്രബലമായ പല വീക്ഷണങ്ങളെയും പ്രബലമാക്കിയതായി കാണാം. ചില ഉദാഹരണങ്ങള്‍:
- മദ്ഹബിലെ പ്രബല അഭിപ്രായവും മിന്‍ഹാജിലൊക്കെ ഉദ്ധരിക്കുന്നതും അടിമയുടെ സ്വതന്ത്രയായ ഭാര്യ ധനികയാണെങ്കിലും സകാത്ത് നിര്‍ബന്ധമില്ലെന്നാണെങ്കിലും ഫത്ഹുല്‍ മുഈന്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്: ഭര്‍ത്താവിന് ഭാര്യയുടെ പരിചാരികയുടെ സകാത്ത് നിര്‍ബന്ധമാണെന്ന് പറഞ്ഞ് തുടങ്ങി, അടിമക്ക് വിവാഹം ചെയ്യപ്പെട്ട സ്വതന്ത്രയായ ധനികയ്ക്കും സകാത് നിര്‍ബന്ധമാണെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു.
- ചാപ്പിള്ളയായ കുട്ടിയെ കഫന്‍ ചെയ്യുന്നതും മറമാടുന്നതും സുന്നത്താണെന്നാാണ് മദ്ഹബിന്റെ പ്രബല വീക്ഷണം. എന്നാല്‍ ശഹാദത്ത് മൊഴിഞ്ഞ അവിശ്വാസിയായ കുട്ടിയെ പോലെയാണ് ചാപ്പിള്ളയെന്നും കഫന്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്നുമുള്ള അഭിപ്രായാന്തരത്തെയാണ് ഫത്ഹുല്‍ മുഈന്‍ പ്രബലമായി കാണുന്നത്.
- തുഹ്ഫയില്‍ ഇബ്നു ഹജറും മറ്റു ചില പണ്ഡിതരും പ്രബലമാക്കുന്നത് രണ്ടാലൊരു അസ്വ്ലിനോ (മാതാപിതാക്കള്‍) ഫര്‍ഇനോ (സന്താനങ്ങള്‍) നേര്‍ച്ച ചെയ്യുന്നത് കറാഹത്താണെങ്കിലും സ്വഹീഹാകും എന്നാണെങ്കില്‍ ഫത്ഹുല്‍ മുഈന്‍ സ്വഹീഹല്ലെന്ന രണ്ടാമത്തെ നിലപാടാണ് പ്രബലമായി സ്വീകരിക്കുന്നത്.
- മദ്ഹബിലെ ഇമാം ഗസ്സാലി, സകരിയ്യല്‍ അന്‍സ്വാരി, ഇബ്നു ഹജര്‍, റംലി, ഖത്വീബു ശര്‍ബീനി തുടങ്ങി ഒട്ടുമിക്ക പണ്ഡിതരും താടി വടിക്കുന്നത് തഹ്രീമിന്റെ കറാഹത്തായി പരിഗണിക്കുന്നിടത്ത് അത് ഹറാമല്ലെന്ന് ഫത്ഹുല്‍ മുഈന്‍ പറയുന്നു.
ചില വിഷയങ്ങളെ ആവശ്യകതയും പ്രസക്തിയും നോക്കി ആവര്‍ത്തിച്ചു പറയുന്ന രീതിയും ഫത്ഹുല്‍ മുഈനിനുണ്ട്. ഖളാആയ ഫിദ്യ കൊടുക്കാത്ത നിസ്‌കാരമുള്ള ഒരാള്‍ മരിച്ചാല്‍ പകരം നിസ്‌കരിക്കാമെന്നും ഇമാം സുബ്കി അങ്ങനെ ചെയ്തിട്ടുണ്ടെന്നും നോമ്പിന്റെയും വസ്വിയ്യത്തിന്റെയും ബാബുകളില്‍ രണ്ടു തവണ കാണാം. വുളൂഇന്ന് ശേഷമുള്ള സുന്നത് നിസ്‌കാരത്തെയും അതില്‍ ഓതല്‍ സുന്നത്തായ ആയതുകളെയും വൂളൂഇന്റെ ബാബിലും സുന്നത്ത് നിസ്‌കാരത്തിന്റെ ബാബിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ഇങ്ങനെയുള്ള ആവര്‍ത്തനങ്ങള്‍ അത്യാവശ്യമായതും ഉപകാര പൂര്‍ണവുമായ സ്ഥലങ്ങളില്‍ മാത്രമെ ഇമാം നടത്തുന്നുള്ളൂ.
ഫത്ഹുല്‍ മുഈനിലെ ചില വീക്ഷണങ്ങളെ ബിദഇകള്‍ വക്രീകരിച്ച് തങ്ങള്‍ക്കനുകൂലമാക്കുന്ന രീതി പലപ്പോഴും കാണാറുണ്ട്. അതു പോലെ ഫത്ഹുല്‍ മുഈനിലെ ചില ചര്‍ച്ചകളെ അനാവശ്യമെന്നും അശ്ലീലമെന്നും’ ആക്ഷേപിക്കുന്നവരുമുണ്ട്.
റജാഇന്റെ സുന്നത്ത് നിസ്‌കാരം, ജമാഅത്തിന് ശേഷമുള്ള കൂട്ടുപ്രാര്‍ഥന, ഖബ്റുകള്‍ അലങ്കരിക്കല്‍, വുളൂഇലുള്ള പ്രാര്‍ഥനകള്‍ തുടങ്ങിയ ഒരുപാട് വിഷയങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് നടത്തുന്ന വീക്ഷണങ്ങളെ തങ്ങള്‍ക്കനുകൂലമാക്കുന്നുണ്ട് ബിദഇകള്‍.
മനുഷ്യന്‍ പട്ടിയുമായോ പന്നിയുമായോ സംയോഗത്തിലേര്‍പ്പെട്ട് മനുഷ്യക്കുഞ്ഞു പിറന്നാല്‍ ആ കുട്ടിയെ എന്തുചെയ്യണം എന്നത് പോലുള്ള ചര്‍ച്ചകള്‍ തികച്ചും സാങ്കല്‍പികവും വിദൂരസാധ്യത പോലുമില്ലാത്തതും അനാവശ്യവുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, ക്ലോണിംഗ്, ടെസ്റ്റ് ട്യൂബ് ശിഷു, നായയെ കല്ല്യാണം ചെയ്തതായി വന്ന വാര്‍ത്ത തുടങ്ങിയവ ഇത്തരം ചര്‍ച്ചകള്‍ ഇക്കാലത്ത് എത്രകണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു.
ഫത്ഹുല്‍ മുഈന്‍ നിര്‍ലജ്ജമെന്ന് തോന്നാവുന്ന തരത്തില്‍ പല കാര്യങ്ങളും തുറന്ന് പറയുന്നത്, വിശിഷ്യാ ഗുഹ്യഭാഗങ്ങളെക്കുറിച്ചും സംയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും (ഉദാഹരണത്തിന് മുറിഞ്ഞ ഗുഹ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍) അവ കാണുന്നത് പോലെ മോശവും അശ്ലീലവുമാണെന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍ ലജ്ജിക്കുന്നവന് ഇല്‍മ് പഠിക്കാനാകില്ലെന്ന മുജാഹിദ്(റ)ന്റെ വാക്കും ‘ അന്‍സാരി സ്ത്രീകള്‍ എത്ര ഉഷാറാണ്, ഇല്‍മ് പഠിക്കുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ലെന്ന ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെ അംഗീകാരവും സ്ത്രീകള്‍ സ്വപ്നത്തില്‍ സ്ഖലിക്കുകയും പുരുഷന്‍മാര്‍ക്ക് സംഭവിക്കുന്നത് പോലെ വല്ലതും പുറത്തേക്ക് വരികയും ചെയ്താല്‍ എന്തു ചെയ്യണമെന്ന ഉമ്മു സുലൈം(റ)ന്റെ ചോദ്യത്തിന് ഛെ നിന്റെ ചോദ്യം മോശമായിപ്പോയി എന്ന ആഇശ ബീവിയുടെ പ്രതികരണത്തെ തള്ളിപ്പറഞ്ഞ്, ഇക്കാര്യം ചോദിക്കാന്‍ തയ്യാറായ ഉമ്മു സുലൈമിനെ പിന്തുണച്ച് നിങ്ങളും അതുപോലെ ശുദ്ധി വരുത്തണമെന്ന പ്രവാചകന്റെ മറുപടിയും ഫത്ഹുല്‍ മൂഈന്‍ സ്വീകരിക്കുന്ന വിവരണ ശൈലിയെ പൂര്‍ണാര്‍ഥത്തില്‍ സാധൂകരിക്കുന്നുണ്ട്.
വ്യാഖ്യാനങ്ങള്‍…
ഫത്ഹുല്‍ മുഈന്‍ അടിസ്ഥാനമാക്കി കേരളത്തിനകത്തും പുറത്തും നിരവധി ഗ്രന്ഥങ്ങള്‍ വ്യാഖ്യാനങ്ങളും ഹാശിയകളും സംഗ്രഹങ്ങളും വിവര്‍ത്തനങ്ങളും കാവ്യങ്ങളും ഗവേഷണ പഠനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലതിതാ…
ഇആനതുല്‍ മുസ്തഈന്‍ അലാ ഫത്ഹില്‍ മുഈന്‍
ഫത്ഹുല്‍ മുഈനിന്റെ പ്രഥമ വ്യാഖ്യാന ഗ്രന്ഥമായ ഇആനതുല്‍ മുസ്തഈനിന്റെ രചന നിര്‍വഹിച്ചത് യമനീ കര്‍മശാസ്ത്ര വിശാരദനായ അലി ബ്നു അഹ്‌മദ് ബ്നു സഈദ് ബാസ്വബ്രീന്‍ (13041387) ആണ്. ഫത്ഹുല്‍ മുഈനിന്റെ രചന കഴിഞ്ഞ് 278 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. രചനാ പശ്ചാത്തലം ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു ‘ചില സഹോദരങ്ങള്‍ക്ക് (ഫത്ഹുല്‍ മുഈന്‍) അധ്യാപനം നടത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. എന്നാല്‍ അധ്യാപനത്തെ സഹായിക്കുന്ന വിശദീകരണക്കുറിപ്പുകള്‍ എനിക്ക് കണ്ടെത്താനായില്ല. ഫത്ഹുല്‍ മുഈന്‍ അനുബന്ധമായി ഗ്രന്ഥ രചന നിര്‍വഹിച്ച ഒരാളെയും എനിക്ക് കാണാന്‍ കഴിഞ്ഞതുമില്ല. തദവസരം ഫത്ഹുല്‍ മുഈനിന് ഹാശിയ രചിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുകയും അല്ലാഹുവിനോട് നന്മ തേടി പ്രാര്‍ത്ഥിക്കുകയും എന്റെ ഗ്രന്ഥത്തിന് ഇആനതുല്‍ മുസ്തഈന്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു”.
കര്‍മശാസ്ത്രത്തിലെ ബൃഹത്തായ ഗ്രന്ഥങ്ങളെയാണ് ഇമാം ബാസ്വബ്റീന്‍ തന്റെ രചനക്ക് ആധാരമാക്കിയത്. ഇബ്നു ഹജറിന്റെ തുഹ്ഫതുല്‍ മുഹ്താജ്, ശിഹാബുദ്ദീന്‍ മുഹമ്മദ് റംലിയുടെ നിഹായതുല്‍ മുഹ്താജ്, ശംസുദ്ദീന്‍ ഖത്വീബുശ്ശിര്‍ബീനിയുടെ മുഗ്നില്‍ മുഹ്താജ്, സഈദ് ബ്നു മുഹമ്മദ് ബാഅ്ശന്റെ ബുഷറല്‍ കരീം, ഹാശിയതു ശബ്റാമല്ലിസി, ഹശിയതു ശര്‍ഖാവി, ഹശിയ്തുല്‍ ബുജൈരിമി എന്നിവ അവയില്‍ ചിലതാണ്.
ഹി. 1261 ദുല്‍ഖഅ്ദ 25 ശനിയാഴ്ച ളുഹ്ര് സമയത്താണ് ഗ്രന്ഥ രചന പൂര്‍ത്തിയാക്കുന്നത്. ഇആനതു ത്വാലിബീനിന്റെ ഗ്രന്ഥ കര്‍ത്താവായ സയ്യിദ് ബക്രിയുടെ ജനനത്തിന്റെ അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇത്. രണ്ട് വാള്യങ്ങളിലായി 913 ഓളം പേജുകള്‍ ഉള്‍കൊള്ളുന്നതാണ് ഈ ഗ്രന്ഥം. പ്രസിദ്ധീകരിക്കപ്പെടാത്ത ഗ്രന്ഥം കയ്യെഴുത്ത് പ്രതികളായാണ് വിവിധ രാഷ്ട്രങ്ങളില്‍ വ്യപിച്ചത്. ഈജിപ്തിലെ ദാറുല്‍ കുതുബില്‍ മിസ്രിയ്യയില്‍ സൂക്ഷിക്കപ്പെട്ട ഇആനതിന്റെ കൈയെഴുത്ത് പ്രതി ഇതിനെ സാധൂകരിക്കുന്നുണ്ട്. കാരണം ഇആനതിന്റെ രചന കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹി 1269 റമളാന്‍ 10 ( 1853 ജൂണ്‍ 17)നാണ് പ്രസ്തുത ഗ്രന്ഥം ദാറുല്‍ കുതുബില്‍ എത്തുന്നത്. ഫത്ഹുല്‍ മുഈനിന്റെ പ്രഥമ വ്യാഖാന ഗ്രന്ഥമായതുകൊണ്ട് തന്നെ പണ്ഡിതര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടാന്‍ ഇആനതിനു സാധിച്ചു. ഇബ്നു ഹജര്‍ ഹൈതമി(റ)യുടെ തുഹ്ഫതുല്‍ മുഹ്താജിന് ടിപ്പണി എഴുതിയ അബ്ദുല്‍ ഹമീദ് ശര്‍വാനി ഇആനതില്‍ നിന്നും ഉദ്ധരിച്ചതായി കാണാം. ഇതു വരെ പ്രസിദ്ധീകരിക്കപ്പെടാത്ത ഇആനതിന്റെ കൈയെഴുത്ത് പ്രതികള്‍ തരീമിലെ അല്‍ അഹ്ഖാഫ് ലൈബ്രറി, ഹറം ലൈബ്രറി, മലിക് സഊദ് യൂണിവേഴ്സിറ്റി ലൈബ്രറി, ചാലിയം അസ്ഹരിയ്യ ലൈബ്രറി എന്നിവിടങ്ങളില്‍ സൂക്ഷിക്കപ്പൈട്ടിട്ടുണ്ട്.
ഇആനതു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍
ഫത്ഹുല്‍ മുഈന്‍ പഠിതാക്കളിലും അധ്യാപകരിലും ഏറെ പ്രചാരം നേടിയ വ്യാഖാന ഗ്രന്ഥമാണ് ഇന്ത്യോനേഷ്യന്‍ സ്വദേശി അബൂബക്കര്‍ ഉസ്മാന്‍ ബ്നു ശത്വാ അദ്ദിംയാഥി (സയ്യിദ് ബക്രി)(1266-1310) രചിച്ച ഇആനതു ത്വാലിബീന്‍. നാല് വാള്യങ്ങളിലായി പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം ഫത്ഹുല്‍ മുഈനിനെ സമഗ്രവും സുതാര്യവുമായി സമീപിക്കുന്ന ബൃഹദ് ഗ്രന്ഥമാണ്.
കൃതിയുടെ ആമുഖത്തില്‍ രചനാ പശ്ചാത്തലം ഗ്രന്ഥകാരന്‍ വിവരിക്കുന്നു: ‘മസ്ജിദുല്‍ ഹറാമില്‍ ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്തുന്നതിനിടയില്‍ ഞാന്‍ സമാഹരിച്ച കുറിപ്പുകള്‍ ചില അഭ്യുദയകാംക്ഷികളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് കോര്‍ത്തിണക്കിയതാണ് ഈ ഗ്രന്ഥം’. മക്കയില്‍ വെച്ചായിരുന്നു അദ്ദേഹം ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്. മക്ക ഹറം മസ്ജിദിലെ തന്റെ ‘ ഗുരുനാഥനായ സൈനി ദഹ്ലാനിലൂടെയാണ് സയ്യിദ് ബക്രി ഫത്ഹുല്‍ മുഈന്‍ പരിചയപ്പെടുന്നത്. ശാഫിഈ സരണിയിലെ പ്രബല ഗ്രന്ഥങ്ങളായ തുഹ്ഫതുല്‍ മുഹ്താജ്, ഫത്ഹുല്‍ ജവാദ്, നിഹായതുല്‍ മുഹ്താജ്, ശറഹുര്‍ റൗള്, ശറഹുല്‍ മന്‍ഹജ്, ഹാശിയതു ഇബ്നി ഖാസിം, ഹാശിയതു അലി ശിബ്റാമുല്ലസി, ഹാശിയതുല്‍ ബുജൈരിമി എന്നിവയാണ് രചനക്ക് സയ്യിദ് ബക്രി ആധാരമാക്കിയത്. ഹി-1298 ജുമാദുല്‍ ഉഖ്റ 27 ബുധനാഴ്ചയാണ് ഗ്രന്ഥ രചന പൂര്‍ത്തിയാകുന്നത്.ഫത്ഹുല്‍ മുഈന്‍ രചിക്കപ്പെട്ട് 315 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇആനത്ത് രചിക്കപ്പെടുന്നത്. 1300 ശവ്വാല്‍ 23 തിങ്കളാഴ്ച ഗ്രന്ഥത്തിന്റെ സംശോധനയും പൂര്‍ത്തിയായി. നാല് വാള്യങ്ങളിലായാണ് ഇആനത്ത് സംവിധാനിക്കപ്പെട്ടത്. നിസ്‌കാരം, ജമാഅത്ത് നിസ്‌കാരം, കച്ചവടം, വിവാഹ മോചനം എന്നീ അധ്യായങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് വാള്യങ്ങളില്‍ പ്രഥമ അധ്യായങ്ങളായി വരുന്നു.
ഇന്ത്യ, ഈജിപ്ത്, ലബനാന്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ നിന്ന് അച്ചടിക്കപെട്ട ഈ ഗ്രന്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തില്‍ സ്വാധീനം നേടിയതായി കാണാം. കിഴക്കന്‍ ആഫ്രക്കന്‍ മതപാഠശാലകളില്‍ ഫത്ഹുല്‍ മുഈനും ഇആനതും വ്യാപകമായിരുന്നുവെന്ന് കിഴക്കനാഫ്രിക്കന്‍ ശാഫിഈ പണ്ഡിതരുടെ ജീവചരിത്രമെഴുതിയ അബ്ദുല്ല സ്വാലിഹ് ഫാരിസി വ്യക്തമാക്കിയിട്ടുണ്ട്. ഖൂത്തുല്‍ മുഹ്താജീന്‍ ഇലാ ഇബ്റാസി ദഖാഇഖി ഫത്ഹില്‍ മുഈന്‍, ഇത്ഖാനുല്‍ മുഫ്തീന്‍ ഫീ ബയാനി മആനി ഫത്ഹില്‍ മുഈന്‍ എന്നീ രണ്ട് പേരുകളിലാണ് പല നാടുകളിലും ഇആനത്ത് അറിയപ്പെട്ടത്. കിഴക്കന്‍ ആഫ്രിക്കയിലെ ശാഫിഈ പണ്ഡിതന്‍ അബ്ദുല്ല ബഖാത്തിര്‍ സയ്യിദ് ബക്രിയില്‍ നിന്ന് ഫത്ഹുല്‍ മുഈനും ഇആനതും പഠിച്ചിട്ടുണ്ട്. ഇആനതിന്റെ രചന കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം 1888 ലാണ് അദ്ദേഹം മക്കയിലെത്തുന്നത്. പഠനം പൂര്‍ത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ അദ്ദേഹം കെനിയയിലെ സാന്‍സിബാര്‍, ലാമു എന്നിവിടങ്ങളില്‍ സയ്യിദ് ബക്രിയുടെ വിവിധ ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തിയതായി ചരിത്രത്തില്‍ കാണാം.
മഖ്ദൂമിന്റെ നാട്ടുകാരായ കേരളീയര്‍ ഇആനതിനെ നെഞ്ചേറ്റി. അധ്യാപകരും വിദ്യാര്‍ഥികളും പഠനാവശ്യങ്ങള്‍ക്കായി നിരന്തരം ഇആനതിനെ ആശ്രയിച്ചു. കേരളീയ പണ്ഡിതന്മാര്‍ തയ്യാറാക്കിയ തഅ്ലീഖാത്തുകളില്‍ ഇആനതിലെ ഉദ്ധരണികള്‍ സ്ഥാനം പിടിച്ചു. മലയാളത്തിലേക്ക് ഇആനത് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനാണ് ചാലിലകത്ത് അബ്ദുല്ല മൗലവി. സയ്യിദ് ബക്രിയുടെ ഹറമിലെ ഗുരുനാഥന്‍മാരില്‍ മലയാളിയായ കോടഞ്ചേരി അഹ്‌മദ് മുസ്ലിയാരും ഇടം നേടിയത് കേരളീയര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍
ഇആനത്ത് കഴിഞ്ഞാല്‍ ഏവും കൂടുതല്‍ പ്രചാരത്തിലുള്ള വ്യാഖാന ഗ്രന്ഥമാണ് തര്‍ശീഹ്. മക്ക സ്വദേശി അലവി ബ്നു അഹ്‌മദ് ബ്നു അബ്ദിറഹ്‌മാന്‍ അസ്സഖാഫ് (12551335,ക്രി. 18391916) ആണ് ഇതിന്റെ രചയിതാവ്. ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ച പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുന്നു ‘ഹി 1292 ല്‍ ചില സഹോദരങ്ങള്‍ക്ക് ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്താനുള്ള ഭാഗ്യം ലഭിച്ചു, അതിനാല്‍ അധ്യാപനത്തെ സഹായിക്കുന്ന നോട്സുകളും കുറിപ്പുകളും തയ്യാറാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ പ്രസ്തുത ഉദ്യമത്തില്‍ നിന്നും പല കാര്യങ്ങളും എന്നെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ, സയ്യിദ് ബക്രിയുടെ വ്യാഖ്യാന ഗ്രന്ഥം ഞാന്‍ കാണാനിടയായി. ഫത്ഹുല്‍ മുഈനിന്റെ ഇബാറത്തുകളെ ഇഴകീറി പരിശോധിക്കുന്ന പ്രസ്തുത ഗ്രന്ഥം ഏറെ പ്രയോജനകരമാണെങ്കിലും അതില്‍ ചില പോരായ്മകളുള്ളതായി എനിക്ക് ബോധ്യപെട്ടു. അങ്ങനെ ഞാന്‍ എന്റെ രചന വേഗത്തിലാക്കി”. സയ്യിദ് ബക്രിയുടെ സമകാലികനായ ഇദ്ദേഹം ഇആനതിന്റെ രചന കഴിഞ്ഞ് 8 വര്‍ഷത്തിനു ശേഷം 1307 റമളാന്‍ 27ാം രാവിനാണ് (ഫത്ഹിന്റെ രചന കഴിഞ്ഞ് 323 വര്‍ഷങ്ങള്‍ക്ക് ശേഷം) രചന പൂര്‍ത്തിയാകുന്നത്.
അധ്യാപനത്തെ സഹായിക്കുന്ന നോട്ടുകളും കുറിപ്പുകളും തയ്യാറാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെടുന്നത്.ലഭ്യമായ വിവരം അനുസരിച്ച് കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അവസാനം വിരചിതമായത് തര്‍ശീഹാണ്. ശാഫിഈ ധാരയിലെ കിടയറ്റ പണ്ഡിതരായ ജലാലുദ്ദീന്‍ അല്‍ മഹല്ലി(791864, ക്രി.13891459), ശൈഖ് സകരിയ്യ അല്‍ അന്‍സാരി, ഇബ്നു ഹജര്‍ അല്‍ ഹൈത്തമി, ഖതീബ് അശ്ശിര്‍ബീനി, ശംസുദ്ദീന്‍ അറംലി, മുഹമ്മദ് ബ്നു സുലൈമാന്‍ അല്‍ കുര്‍ദി(11271194,17151780), ശൈഖ് സുലൈമാന്‍ അല്‍ ജമല്‍, ഇബ്റഹീം ബ്നു മുഹമ്മദ് അല്‍ ബാജൂരി, അബ്ദുല്ല ശര്‍ഖാവി, സഈദ് ബ്നു മുഹമ്മദ് ബാഅ്ശന്‍, അലിയ്യു ബ്നു അലിയ്യിശ്ശബ്റാമല്ലിസി, അഹ്‌മദ് ബ്നു ഖാസിം അല്‍ അബ്ബാദി, സുലൈമാന്‍ അല്‍ ബുജൈരിമി എന്നിവരുടെ ഗ്രന്ഥങ്ങളെയാണ് തര്‍ശീഹിന്റെ രചനക്ക് പ്രധാനമായും ആധാരമാക്കിയത്. ഇആനത് പരാമര്‍ശിക്കാത്ത പല വിശദീകരണങ്ങളും ഉള്‍കൊള്ളുന്ന, 450 ഓളം പേജുകളിലായി സംവിധാനിക്കപ്പെട്ട ഈ ഗ്രന്ഥം കര്‍മശാസ്ത്ര പഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്.തര്‍ശീഹിന്റെ ചില കോപ്പികളില്‍ അല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് വ ദ്ദുററുസാബിആത്തും (ഖുര്‍ആന്‍, ഹദീസ്, നബി(സ) യില്‍ നിന്നും വാരിദായ ദിക്റുകളും പ്രത്യേക പ്രാര്‍ത്ഥനകളും കോര്‍ത്തിണക്കി രചിക്കപ്പെട്ട ഗ്രന്ഥം) മുന്‍ ബസ്വറ ഖാളി ശൈഖി അഹ്‌മദ് നൂറിന്റെ പൗത്രന്‍ ശൈഖ് മഹ്‌മൂദ് ബസ്വ്രി എഴുതിയ അനുമോദനകാവ്യവും ചില കോപ്പികളില്‍ ചേര്‍ത്തിട്ടുണ്ട്.
ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍
സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍ മൂന്ന് വാള്യങ്ങളിലായി രചിച്ച വ്യാഖാന ഗ്രന്ഥമാണ് ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍. 10,11 നൂറ്റാണ്ടുകളില്‍ ജീവിച്ച മഖ്ദൂമുമാര്‍ ഫത്ഹുല്‍ മുഈനിന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എഴുതിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. മഖ്ദും കുടുംബത്തില്‍ നിന്നും ലഭ്യമായ ഏക വ്യാഖ്യാന ഗ്രന്ഥം മഖ്ദൂം അഖീറിന്റെ ശറഹുന്‍ അലാ ഫത്ഹില്‍ മുഈനാണ്. പൊന്നാനി മഖ്ദൂമുമാരുടെ മതകീയവും വൈജ്ഞാനികവുമായ പാരമ്പര്യം ശീഈ ഗ്രൂപ്പുകളാല്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ ഗ്രന്ഥത്തിന്റെ ഉദയം. എന്നാല്‍ ശീഈ ആശയങ്ങളെ ഖണ്ഡിക്കാന്‍ അദ്ദേഹം ഈ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തിയില്ല, മറിച്ച് പൊന്നാനിയുടെ വൈജ്ഞാനിക പുരോഗതിയില്‍ മഖ്ദൂം കുടുംബത്തിന്റെ ഇടം അദ്ദേഹം വിശദീകരിച്ചു.
ഹാശിയതു ശീറാസി
മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയത്ത് ജനിച്ച് കോഴിക്കോട് നാദാപുരത്ത് ജീവിച്ച അഹ്‌മദ് ശീറാസി(1269 1326) രചിച്ച ഗ്രന്ഥമാണ് ഹാശിയതു ശീറാസി. ശാഫിഈ ധാരയിലെ ഗ്രന്ഥങ്ങളായ തുഹഫതുല്‍ മുഹ്താജ്, നിഹായതുല്‍ മുഹ്താജ്, മുഗ്നില്‍ മുഹ്താജ്, കന്‍സുര്‍റാഗിബീന്‍ ഇആനതു ത്വാലിബീന്‍, ഹാശിയതു ഖല്‍യൂബി, ഹാശിയതു ശര്‍ഖാവി എന്നിവയാണ് രചനക്ക് അദ്ദേഹം ആധാരമാക്കിയത്. മൂന്ന് വാള്യങ്ങളിലായി രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇതു വരെ പ്രസിദ്ധീകരിക്കിപ്പെട്ടിട്ടില്ല, നാദാപുരം ജുമാമസ്ജിദില്‍ ശീറാസിയുടെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്.
ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍
കോടഞ്ചേരി അഹ്‌മദ് കുട്ടി മുസ്ലിയാരുടെ മകന്‍ കുഞ്ഞി മുസ്ലിയാര്‍ (1310 1352) ഫത്ഹുല്‍ മുഈനിന് ഒരു വ്യാഖ്യാന ഗ്രന്ഥം രചിച്ചതായി ചില പഠനങ്ങളില്‍ കാണുന്നു. വിശദ വിവരങ്ങള്‍ ലഭ്യമല്ല.
തന്‍ശീത്വുല്‍ മുത്വാലിഈന്‍
കേരളീയനായ അലിയ്യു ബ്നു അബ്ദിറഹ്‌മാന്‍ അന്നഖ്ശബന്ദി (കുഞ്ഞുട്ടി മുസ്ലിയാര്‍, 1300 -1347) രചന നിര്‍വഹിച്ച ബൃഹത്തായ ഗ്രന്ഥമാണ് തന്‍ശീത്വ്. ഗ്രന്ഥ രചന പൂര്‍ത്തിയാകും മുമ്പേ അദ്ദേഹം വഫാത്തായി. 51 പേജുകളിലായി ഒറ്റവാള്യത്തില്‍ സംവിധാനിക്കപ്പെട്ട ഈ ഗ്രന്ഥം സ്വലാത്തുന്നഫ്ല്‍ (സുന്നത്ത് നിസ്‌കാരം) എന്ന അധ്യായം വരെയാണ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ രചിക്കപ്പെട്ട ഇതര വ്യാഖാന ഗ്രന്ഥങ്ങളില്‍ നിന്നും സൂക്ഷ്മ നിരീക്ഷണം കൊണ്ടും ആശയവിപുലത കൊണ്ടും വ്യതിരക്തമാണ് തന്‍ശീത്വ്.
ഫത്ഹുല്‍ മുല്‍ഹിം
കേരളത്തിലെ പൂര്‍വിക പണ്ഡിതരുടെ തഅ്ലീഖാത്തുകള്‍ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഗ്രന്ഥമാണ് ഫത്ഹുല്‍ മുല്‍ഹിം. ചേളാരി ക്രസന്റ് പ്രസ്സ് ഒരുമിച്ചു കൂട്ടിയ തഅ്ലീഖാത്തുകള്‍ വിപുലീകരിച്ചതും സംശോധന നിര്‍വഹിച്ചതും പ്രമുഖ പണ്ഡിതനും താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അധ്യാപകനുമായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരും കെ.കെ അബൂബക്കര്‍ ഹസ്റത്തുമാണ്.
ഫത്ഹുല്‍ മുഈനിന്റെ മഹാത്മ്യവും കേരളത്തിലെ തഅ്ലീഖാത്ത് ചരിത്രവും അനാവരണം ചെയ്യുന്ന അതിബൃഹത്തായ മുഖവുര,ഫത്ഹുല്‍ മുഈനിന്റെ ആശയവൈപുല്യം സൂക്ഷ്മായി മനസിലാക്കിയ തട്ടാങ്ങര കുട്ട്യാമു മുസ്ലിയാര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളായ പാനായിക്കുളം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, വെന്‍മയനാട് തോപ്പില്‍ ഇബ്റാഹീം മുസ്ലിയാര്‍, കോക്കൂര്‍ അബ്ദുല്ല മുസ്ലിയാര്‍, വലിയങ്ങാടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കുഞ്ഞഹമ്മദ് മുസ്ലിയാര്‍, അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ ശിഷ്യരായ വെങ്ങാട് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, തലശ്ശേരി കണ്ണിയത്ത് മുസ്ലിയാര്‍, ചെര്‍പ്പുളശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ എന്നിവരെ പരാമര്‍ശിക്കുകയും അവരുടെ തഅ്ലീഖാത്ത് രചനയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു, തുഹ്ഫയിലെ ഉദ്ധരണികള്‍ പലപ്പോഴായി പരാമര്‍ശിക്കുന്നു,മൂലഗ്രന്ഥത്തില്‍ വിശദീകരണം ആവശ്യമുള്ള വാക്യങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തി ബ്രാക്കറ്റ് സഹിതം വിശദീകരണം നല്‍കുന്നു. മൂന്ന് വാള്യങ്ങളിലായി സംവിധാനിക്കപ്പെട്ട ഫത്ഹുല്‍ മുല്‍ഹിം അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാണ്,കമാ ഫീഹാ എന്ന പ്രയോഗം കൊണ്ട് ഇആനതിനേയും മുഹശ്ശി എന്നത് കൊണ്ട് സ യ്യിദ് ബക്രിയെയും ഉദ്ദേശിക്കുന്നു,ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മിക്ക പദങ്ങളുടെയും അര്‍ഥങ്ങള്‍ ചുരുങ്ങിയ വാക്കുളില്‍ സംഗ്രഹിക്കുന്നു.
മുത്ത് മുഹമ്മദ് ബിന്‍ കുഞ്ഞിബാവ മുസ്ലിയാര്‍ രചിച്ച മുശ്കിലാത്തു ഫത്ഹില്‍ മുഈന്‍ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമാണ്. നിസ്‌കാരത്തിന്റെ അധ്യായം മുതല്‍ നേര്‍ച്ച വരെയാണ് ഇത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍ ഒരു ഹാശിയ രചിച്ചിരുന്നതായി പറയപ്പെടുന്നു. കുട്ടൂര്‍ അബ്ദുറഹീം മൗലവിയുടെ ഖിദ്മത്തുല്‍ ഫുഖഹാ, മുഹമ്മദ് ബിന്‍ മാഹീന്‍ അല്‍ ബാഖവിയുടെ മനാഹിറുല്‍ ഫിഖ്ഹ് ഇലാ മശാരിഖില്‍ ഫഖീഹ് എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ ഫത്ഹുല്‍ മുഈനിന്റെ സാങ്കേതിക പ്രയോഗങ്ങളെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ടവയാണ്.
ഫത്ഹുല്‍ മുഈനിന്റെ രചന കഴിഞ്ഞ് (ഹി 982) രണ്ട് നൂറ്റാണ്ടിന് ശേഷമാണ് പ്രഥമ വ്യാഖ്യാന ഗ്രന്ഥം പുറത്തുവന്നത്.ഇമാം നവവിയുടെ മാസ്റ്റര്‍പീസായ മിന്‍ഹാജിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളായ കന്‍സുര്‍റാഗിബീന്‍, തുഹ്ഫതുല്‍ മുഹ്താജ്, നിഹായതുല്‍ മുഹ്താജ്, മുഗ്നില്‍ മുഹ്താജ് എന്നിവ ഈജിപ്ത് കേന്ദ്രീകൃതമായി രചിക്കപ്പെട്ടതു പോലെ ഫത്ഹിന്റെ കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇആനതുല്‍ മുസ്തഈന്‍, ഇആനതു ത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്തഫീദീന്‍ തുടങ്ങിയവ മക്ക കേന്ദ്രീകൃതമായാണ് രചക്കപ്പെട്ടത്. എല്ലാ വ്യാഖ്യാന ഗ്രന്ഥങ്ങളും ഹി 13ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 14 ന്റെ ആദ്യ പകുതിയിലുമായി രചിക്കപ്പെട്ടവയാണ്. 15ാം നൂറ്റാണ്ടില്‍ ഫത്ഹിന് ഹാശിയ രചിക്കപ്പെട്ടതായി അറിവില്ല. പ്രമുഖ പണ്ഡിതനും അല്‍ മുഹിമ്മ ഫീ ബയാനില്‍ അഇമ്മയുടെ(ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതരുടെ ജീവ ചരിത്രം വിവരിക്കുന്ന ഗ്രന്ഥം) കര്‍ത്താവുമായ ചേലക്കാട് കുഞ്ഞ് അലി മുസ്ലിയാര്‍ ഫത്ഹിന് ഹാശിയ രചിച്ചിരുന്നതായി ചില പണ്ഡിതരില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഇആനതുല്‍ മുസ്തഈന്‍ രചിക്കപ്പെട്ട് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇആനതു ത്വാലിബീനും അതിനു ശേഷം 8 വര്‍ഷം കഴിഞ്ഞ് തര്‍ശീഹും രചിക്കപ്പെട്ടു. ലഭ്യമായ കണക്ക് അനുസരിച്ച് കേരളേതര ഹാശിയകളില്‍ അവസാനം രചിക്കപ്പെട്ടത് തര്‍ശീഹാണ്. കേരളത്തിലെ ആദ്യ വ്യാഖ്യാന ഗ്രന്ഥം മഖ്ദും അഖീര്‍ രചിച്ച ശറഹുന്‍ അലാ ഫത്ഹില്‍ മുഈനും അവസാനത്തേത് ഫത്ഹുല്‍ മുല്‍ഹിമും ആണ്.
വ്യഖ്യാന ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഫത്ഹുല്‍ മുഈന്‍ ആസ്പതമാക്കി മറ്റു ചില ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
- മന്‍ളൂമുലുബാബുല്‍ ഫറാഇള്: ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചിട്ടുള്ള അനന്തരാവകാശ നിയമത്തെ കുറിച്ചുള്ള വിധിവിലക്കുകള്‍ പദ്യരൂപത്തിലായി രചിക്കപ്പെട്ട ചെറു കൃതിയാണിത്. രചയിതാവ് പ്രമുഖ പണ്ഡിതനായ ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ (ഹി 1315-1393) എന്ന വാടാനപ്പള്ളി സ്വദേശിയാണ്. അനന്തരാവകാശ നിയമത്തെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരളത്തില്‍ തിരൂരങ്ങാടിയിലെ അല്‍മുര്‍ശിദ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്. ഗദ്യരൂപത്തിലുള്ള ഗ്രന്ഥങ്ങളെ പദ്യരൂപത്തിലാക്കുന്നത് കാര്യങ്ങള്‍ മനപ്പാഠമാക്കുന്നതിനും വേഗത്തില്‍ ഓര്‍ത്തെടുക്കുന്നതിനും സഹായിക്കുമെന്നതിനാലാണ് മുന്‍കാല പണ്ഡിതന്മാര്‍ ഇത്തരം ശ്രമങ്ങള്‍ ധാരാളമായി ചെയ്തിരുന്നത്.
- അല്‍ മുഹിമ്മ ഫീ ബയാനില്‍ അഇമ്മ: ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിക്കപ്പെട്ട ഇമാമുമാരെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ പ്രമുഖ പണ്ഡിതന്‍ ശൈഖ് കുഞ്ഞാലി മുസ്ലിയാര്‍ എന്നവരാണ്. ഇമാമുമാരുടെ ജനനം, മരണം, അവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ തുടങ്ങിയവയാണ് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥം നാഥാപുരം ജാമിഅ അല്‍ഫലാഹിയ്യയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
- ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി: ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്രഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപത്തിലുള്ള ഗ്രന്ഥമായിട്ടാണ് ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത്. ഗ്രന്ഥകാരന്‍ കോടമ്പുഴ ബാവമുസ്ലിയാര്‍ എന്നറിയപ്പെടുന്ന ശൈഖ് അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാര്‍ എന്നവരാണ്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ഖുലാസ്വതു ഫത്ഹില്‍ മുഈന്‍ എന്ന പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീടാണ് സുന്നി വിദ്യഭ്യാസ ബോര്‍ഡ് 1993 ല്‍ നിലവിലുള്ള പേരില്‍ പ്രസിദ്ധീകരിച്ചത്. ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ചോര്‍ന്നുപോകാതെ അത്യാവശ്യമായ ചെറുവിശദീകരണങ്ങളോട് കൂടെ ഗ്രന്ഥത്തെ ചുരുക്കിയതാണ് ഇത്.
ഇതിനെല്ലാം പുറമെ കേരളത്തില്‍ നടന്നിട്ടുള്ള കര്‍മശാസ്ത്ര ചര്‍ച്ചകളുടെയും രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെയുമൊക്കെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതായി ഫത്ഹുല്‍ മുഈന്‍ ഗണിക്കപ്പെടുന്നു.
പദ്യരൂപങ്ങള്‍…
ഫത്ഹുല്‍ മുഈനിന്റെ മൂലഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐന്‍ ഒന്നിലധികം പണ്ഡിതന്മാര്‍ കവിതാരൂപത്തില്‍ ആക്കിയിട്ടുണ്ട്.
1 . നള്മു ഖുര്‍റത്തില്‍ ഐന്‍: പ്രമുഖ പണ്ഡിതനായിരുന്ന അരീക്കല്‍ മുഹമ്മദ് മുസ്ല്യാര്‍ (ഹി 1307 1371) ആണ് ഈ പദ്യത്തിന്റെ രചയിതാവ്. അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണിത്. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിന്റെ കയ്യെഴുത്തുപ്രതി കേരളത്തിലെ പല പണ്ഡിതന്മാരുടെയും കൈവശം ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കുടുംബക്കാരോട് വരെ അന്വേശിച്ചെങ്കിലും പ്രതി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ ഗ്രന്ഥത്തെക്കുറിച്ച് ചിലഗവേഷണ പ്രബന്ധങ്ങളില്‍ സൂചനകളും അതിലെ ചില വരിളുടെ ഉദ്ദരണികളും കാണാന്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ അരീക്കല്‍ പ്രദേശത്ത് ജനിച്ച ഗ്രന്ഥകാരന് ഈ കവിതാഗ്രന്ഥം കൂടാതെ അന്നൂറുല്‍ അവ്വല്‍ , അശ്ശാഇലുല്‍ മുഹമ്മദിയ്യ, തൂടങ്ങിയ പദ്യഗ്രന്ഥങ്ങളുമുണ്ട്. കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ് പ്രസിദ്ധീകരണ വിഭാഗം അല്‍ബഹ്ജ് പുറത്തിറക്കിയ അരീക്കല്‍ ഉസ്താദിനെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ ഈ വിവരണങ്ങള്‍ ലഭ്യമാണ്. - അന്നള്മുല്‍ വഫി ഫില്‍ഫിഖ്ഹിശ്ശാഫിഈ: ഖുര്‍റത്തുല്‍ ഐനിന്റെ മറ്റൊരു കാവ്യ രൂപമാണിത്.999 വരികള്‍ ഉള്ള ഈ ഗ്രന്ഥം രചിച്ചത് പ്രസിദ്ധ പണ്ഡിതനായ ശൈഖ് അബൂസഹ്ല് അന്‍വര്‍ അബ്ദുല്ല ഫള്ഫരിയാണ്. മലപ്പുറം പടുഞ്ഞാറ്റുമുറിയിലുള്ള പണ്ഡിതകുടുംബമായ ഫള്ഫരി കുടുംബത്തിലെ പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ ഗ്രന്ഥകര്‍ത്താവാണ്. ഈ ഗ്രന്ഥം സഊദിയിലെ റിയാദിലുള്ള ദാറുസ്സ്വുമൈഇയില്‍ 2013 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വളരെ ലളിതമായ ശൈലിയും ഭാഷയുമാണ് ഗ്രന്ഥത്തിന്റേത്. മസ്ജിദുന്നബവിയിലെ ശാഫിഈ ഹല്‍ഖയുടെ ശൈഖായ ഡോക്ടര്‍ അഹ്‌മദ് അലി, മുഹമ്മദ് അല്‍മദനി എന്നിവര്‍ ഈ ഗ്രന്ഥത്തിന് മുഖവുര എഴുതി കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് ”ഖുര്‍റത്തുല്‍ ഐന്‍ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന്റെ പ്രൗഢിയും ആദരവും വര്‍ദ്ധിപ്പിക്കുന്ന വിധമാണ് ഫള്ഫരി ഈ പദ്യം തയ്യാറാക്കിയിട്ടുള്ളത്. ആവശ്യമായ വിശദീകരണങ്ങളോട്കൂടെയും എല്ലാ വിഷയങ്ങളും ഉള്‍ക്കൊണ്ടുമാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.
- അല്‍മുഈന്‍ ലിനളമി ഖുര്‍റത്തില്‍ഐന്‍: പ്രസിദ്ധ യമനീ പണ്ഡിതനായ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ അഖീലിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പതിനാലാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നസ്റുല്‍ ജവാഹിര്‍ വദ്ദുറര്‍ എന്ന ഗ്രന്ഥത്തില്‍ മാത്രമാണ് ഈ പദ്യത്തെക്കുറിച്ച് കാണാനായത്.
പദ്യരൂപത്തിലുള്ള ഈ മൂന്ന് ഗ്രന്ഥങ്ങളില്‍ രണ്ടാമത് പറഞ്ഞ അന്നള്മുല്‍ വഫിയ്യ് മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പദ്യകൃതികള്‍ ഖുര്‍റത്തുല്‍ ഐനിന്റെയും ഫത്ഹുല്‍ മുഈനിന്റെയും പ്രാധാന്യത്തെയും സ്വാധീനത്തെയും വിളിച്ചോതുന്ന കൊടിയടയാളങ്ങളാണ്.