ശംസുല്‍ ഉലമായോടൊപ്പം രണ്ടു പതിറ്റാണ്ട്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല സാരഥിയും ആത്മീക ചൈതന്യവും ബിദഈ പ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്തയുടെ ‘ദലീലു’മായ ശംസുല്‍ ഉലമായുടെ ഉറൂസ് മുബാറക് പരിപാടികള്‍ നാടെങ്ങും നടന്നുവരുന്നതിന്റെ നിറവില്‍ സമസ്തയുടെ പ്രഥമ മാഗസിനായ ‘അദ്ദലാല’യുടെ രംഗപ്രവേശം അനുകൂല തരംഗം സൃഷ്ടിക്കുമെന്നതില്‍ സന്ദേഹമില്ല.
സമസ്തക്ക് വിജയഗാഥ രചിച്ച ശംസുല്‍ ഉലമയുടെ പ്രശസ്തിയും സമസ്തയുടെ പ്രശസ്തിയും പരസ്പര പൂരകമായിത്തീരുകയും രണ്ടു പ്രതിഭാസങ്ങളും അവിഭാജ്യ ഘടകങ്ങളായിത്തീരുകയും ചെയ്ത അനിര്‍വ്വചനീയമായ അത്ഭുത കാഴ്ചയാണ് ശംസുല്‍ ഉലമായുടെ സമസ്തക്കൊപ്പമുള്ള ദീര്‍ഘയാത്രയില്‍ ചരിത്രം രേഖപ്പെടുത്തിയത്.
1968 മുതല്‍ 72 വരെ പട്ടിക്കാട് ജാമിഅയില്‍ വിനീത ശിഷ്യനായും 1979 മുതല്‍ 96 വരെ ജാമിഅ ദാറുസ്സലാമിലെ അവിടത്തെ ഖാദിമുമായി രണ്ടുപതിറ്റാണ്ടുകാലം ശൈഖുനായെ അടുത്തറിയാനും അതുവഴി അവിടത്തെ ജീവിതാന്ത്യം വരെ ബന്ധം നിലനിര്‍ത്താനും അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജാമിഅയിലുള്ളപ്പോള്‍ അവിടത്തെ വിദ്യാര്‍ത്ഥി സമാജമായ നൂറുല്‍ ഉലമായുടെ ഭാരവാഹിയെന്ന നിലക്ക് കൂടുതല്‍ അടുക്കാനും സാധിച്ചു. അനന്തരം സമസ്തയുടെ പ്രവര്‍ത്തകനെന്ന നിലക്കും നന്തി ദാറുസ്സലാമിന്റെ സെക്രട്ടറി എന്ന നിലക്കും ശൈഖുനായുടെ ഖാദിമിനെപ്പോലെ അടുക്കാനും കഴിഞ്ഞു. വിദേശ യാത്രയിലും ഹജ്ജ് വേളയിലും കൂടെ ഉണ്ടായിരുന്നതും ശൈഖുനായെ നേരിട്ട് കൂടുതല്‍ അറിയാനും ഉള്‍ക്കൊള്ളാനും സഹായകമായിട്ടുണ്ട്. അവിടത്തോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിക്കാനും അമൂല്യവും അസാധാരണവും പരിശുദ്ധവുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ശൈഖുനാ എന്ന് കൂടുതല്‍ ബോധ്യമാകാനും ഇവ സഹായകമായി. അകലെനിന്ന് വീക്ഷിക്കുന്നവര്‍ക്കും അടുത്തിടപഴകാത്തവര്‍ക്കും മനസ്സിലാകുന്ന ശംസുല്‍ ഉലമായും യഥാര്‍ത്ഥ ശംസുല്‍ ഉലമായും തമ്മില്‍ വളരെ വ്യക്തമായ അന്തരമുണ്ടെന്ന് അടുത്തറിഞ്ഞവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. വളരെ ഗൗരവവും കാര്‍ക്കശ്യവുമുള്ള ആളാണെന്ന് പ്രഥമാദൃഷ്ടാ തോന്നുമെങ്കിലും കൂടുതല്‍ അടുക്കുമ്പോള്‍ സ്‌നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെയും വിനീതനായ ഗുണകാംക്ഷിയെയുമാണ് അവരില്‍ കണ്ടെത്തുക.
ഇന്ന് നമ്മുടെ സമസ്തയുടെ യുവപ്രവര്‍ത്തകരും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മുഴുവനും ശംസുല്‍ ഉലമായെ നേരിട്ടു കാണാത്തവരും അവരുടെ സ്വഭാവവും സമീപന രീതിയും ശൈലിയും നേരിട്ടു മനസ്സിലാക്കാത്തവരുമാണ്. അവര്‍ക്കൊക്കെ ശംസുല്‍ ഉലമായില്‍ നിന്നുള്ള അനുഭവങ്ങളും അറിവുകളും ‘ദലാല’ മാഗസിനില്‍ തുടര്‍ലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നത് വളരെ പ്രയോചന പ്രദമായിരിക്കുമെന്നതില്‍ സന്ദേഹമില്ല.
ഉന്നത കുല ജാതന്‍
ശൈഖുനാ പലപ്പോഴും കുല മഹിമയുടെ മഹത്വത്തെക്കുറിച്ച് പറയാറുണ്ട്. പ്രവാചകന്മാരെല്ലാം ഉന്നത കുല ജാതരായിരുന്നുവെന്നും പ്രവാചകത്വ പദവിയുടെ ഒരടയാളവും സാക്ഷിപത്രവുമാണ് അത് എന്നും ലക്ഷ്യസഹിതം സമര്‍ത്ഥിക്കാറുണ്ട്. പ്രവാചകര്‍ (സ്വ) റോം ചക്രവര്‍ത്തി ഹിർഖലിന് ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടു കത്തയച്ചപ്പോള്‍ ക്രിസ്ത്യന്‍ ചക്രവര്‍ത്തി പ്രവാചകന്റെ സത്യസന്ധത വ്യക്തമാകാന്‍ വേണ്ടി അപ്പോള്‍ സിറിയയില്‍ കച്ചവടാവശ്യാര്‍ത്ഥം എത്തിച്ചേര്‍ന്ന അബൂസുഫ്‌യാനെയും സംഘത്തെയും വിളിച്ചുവരുത്തി അന്വേഷണം നടത്തിയപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം ‘കയ്ഫ നസബുഹു ഫീകും’ അദ്ദേഹത്തിന്റെ കുടുംബ മഹിമ എപ്രകാരമാണ് എന്നായിരുന്നു. അന്ന് ഇസ്‌ലാം മതം വിശ്വസിച്ചിട്ടില്ലാത്ത അബൂസുഫ്‌യാന് ഹിർഖല്‍ ഉന്നയിച്ച നിബന്ധനകള്‍ക്ക് വഴങ്ങി സത്യം പറയേണ്ടിവന്നു. ‘ഹുവ ഫീനാ ദുന്നസ്ബ്’ അദ്ദേഹം ഞങ്ങളില്‍ കുലീന ജാതനാണ് എന്നു പറഞ്ഞു.
സമസ്തയില്‍ നിന്ന് ചിലര്‍ പുറത്തുപോയി കാന്തപുരം സെക്രട്ടറിയായി പുതിയ സംഘടന രൂപീകരിച്ചപ്പോള്‍ മഹാനായ മര്‍ഹൂം പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ആശങ്കയിലായ വേളയില്‍ കണ്ണൂര്‍ വഴിയുള്ള യാത്രാമദ്ധ്യേ പാപ്പിനിശ്ശേരി എത്തിയ ശൈഖുനാ, പി.കെ.പി. ഉസ്താദിനോട് ചോദിച്ചു. അബ്ദുസ്സലാം മുസ്‌ലിയാരെ, ഹിർഖല്‍ ചക്രവര്‍ത്തി അബൂസുഫ്‌യാനോട് ചോദിച്ച ചോദ്യം നിങ്ങള്‍ക്കറിയില്ലേ. കൈഫ നസബുഹു ഫീകും എന്നല്ലെ. പിന്നെ നിങ്ങളെന്തിനാണ് എന്നെ പിന്‍പറ്റുന്നതില്‍ സംശയിച്ചു നില്‍ക്കുന്നത്? മഹാപണ്ഡിതന്റെ ചോദ്യം മറ്റൊരു മഹാപണ്ഡിതന്റെ ഹൃദയത്തില്‍ തറച്ചു. അതുമുതല്‍ പി.കെ.പി ഉസ്താദ് പൂര്‍ണ്ണമായും ശംസുല്‍ ഉലമായുടെ ആജ്ഞാനുവര്‍ത്തിയായി. ഈ സംഭവം പി.കെ.പി ഉസ്താദ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാറുണ്ട്.
യമന്‍ റിപ്പബ്ലിക്കിലെ പ്രധാന രാജ്യമായ ഹളര്‍മൗത്തിലെ പ്രധാന പട്ടണമായ ‘തരീം’ നാട്ടില്‍ നിന്ന് ഇസ്‌ലാമിക പ്രചാരണം കൂടി ഉദ്ദേശിച്ചുകൊണ്ട് പണ്ഡിതശ്രേഷ്ഠനും സൂഫിവര്യനുമായ ഒരാള്‍ കോഴിക്കോട് കപ്പലിറങ്ങി. മുഹമ്മദ് കോയ എന്നപേരില്‍ അദ്ദേഹം പ്രസിദ്ധനായി. അദ്ദേഹത്തിന്റെ മകനാണ് അബൂബക്കര്‍. അബൂബക്കറിന്റെ മകന്‍ കോയക്കുട്ടി. കോയക്കുട്ടി ഫാത്തിമ ദമ്പതികള്‍ക്ക് ഒരാണ്‍ കുട്ടി ജനിച്ചു. അവര്‍ അതിന് അബൂബക്കര്‍ എന്ന് നാമകരണം ചെയ്തു.(ഹിജ്‌റവര്‍ഷം 1333, കൃസ്താബ്ദം 1914) ഉന്നത ഗോത്രത്തിന്റെ പ്രതീകമായ അബൂബക്കര്‍ പിന്നെ ലോക പ്രശസ്തനായ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാരായി.
വേഷഭൂഷാദികളിലുള്ള ലാളിത്യം
നബി(സ്വ)യുടെ ഈത്തപ്പന തോട്ടത്തില്‍ നിന്നുള്ള ഈത്തപ്പന നാരുകൊണ്ടു മിടഞ്ഞുണ്ടാക്കിയ ഒരു തൊപ്പിയും അതിനുമേല്‍ ഭംഗിയായി ചുറ്റിയ ഗാംഭീര്യത സ്ഫുരിക്കുന്ന ഒരു തലപ്പാവും വിലകൂടിയതല്ലാത്ത വെളുത്ത മല്ല്‌കൊണ്ട് തയ്പ്പിക്കുന്ന ജുബ്ബയും നേരിയ കള്ളിയുള്ള കള്ളിത്തുണിയും ഒരു ഷാളും ഇതായിരുന്നു ശൈഖുനായുടെ സ്ഥിരം വേഷം. പ്രഥമ ഹജ്ജ് വേളയില്‍ കരസ്ഥമാക്കിയ പ്രസ്തുത തൊപ്പി കേടുവരാതെ അവസാനകാലം വരെ ശൈഖുനാ കാത്തുസൂക്ഷിച്ചിരുന്നു. അപൂര്‍വ്വമായി ചില സദസ്സുകളിലും വിദേശയാത്രാ വേളയിലും നീളക്കുപ്പായം ധരിച്ചിരുന്നു. വിലകൂടിയ വസ്ത്രം തീരെ ധരിച്ചിരുന്നില്ല. ശൈഖുനായെ കൊണ്ട് മുന്തിയ വസ്ത്രം ധരിപ്പിക്കണമെന്നുദ്ദേശിച്ച് ചില ശിഷ്യന്മാര്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന ഷര്‍ട്ട്പീസും തുണിയുമൊക്കെ ഗുരു ദക്ഷിണയായി കൊടുക്കാറുണ്ടെങ്കിലും അതുകൊണ്ടൊന്നും ശൈഖുനാ വസ്ത്രം തയ്ക്കാറുണ്ടായിരുന്നില്ല. കറുത്തകോട്ട് ധരിച്ചു ശൈഖുനായെ കണ്ടതായി ഓര്‍ക്കുന്നില്ല.
വേഷഭൂഷാദികള്‍കൊണ്ടല്ലാതെ പ്രകൃത്യാതന്നെ ആകര്‍ഷകവും സുന്ദരവും ഒരിക്കലും ചുളിവ് വീണിട്ടില്ലാത്തതുമായ മുഖകമലവും വടിവൊത്ത ശരീരവും അല്ലാഹു അനുഗ്രഹിച്ചു നല്‍കിയതാണ്. കഴുത്തിന്റെ താഴെവരെ നീണ്ടുനില്‍ക്കുന്ന താടി എപ്പോഴും ഭംഗിയായി ചീകിവെച്ച തരത്തിലാണ് കാണാറുള്ളത്.
ഹൃദയം നിറയെ ആത്മീക ചിന്തയും നിരന്തരമായ ദിക്‌റും അതിന് ആക്കം കൂട്ടുന്ന വിധം വലതുകയ്യില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന തസ്ബീഹ് മാലയും ശൈഖുനായുടെ ശിആറാണ്. തദ്‌രീസും വഅളും പ്രഭാഷണങ്ങളും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളും നിരന്തരമായി നിര്‍വ്വഹിക്കുന്നതോടൊപ്പം ഇത്രയധികം ദിക്‌റ് രാവും പകലും ഒരുപോലെ ചൊല്ലുന്ന ഒരു മഹാനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് കാസറഗോഡ് നിന്ന് രാത്രി സമ്മേളന പരിപാടി കഴിഞ്ഞു കാറില്‍ കയറി ഇരുന്നാല്‍ നന്തി ദാറുസ്സലാമില്‍ എത്തുന്നതുവരെ ദിക്‌റ് കൊണ്ട് ചുണ്ട് ചലിച്ചു കൊണ്ടിരിക്കും. ഒപ്പം തസ്ബീഹ് മാലയും. (തുടരും)